കാപ്പ കേസിലെ ബിജെപി കൗൺസിലർ സുഗതന് ആശ്വാസം; അവധി അപേക്ഷ പാസാക്കി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ അംഗീകരിച്ചു. മേയർ വി.വി. രാജേഷ് കൗൺസിലിൽ തീരുമാനം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ ഹാളിന്റെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

രണ്ട് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയും മേയറുടെ കാസ്റ്റിംഗ് വോട്ടും ഉൾപ്പെടെ 51 വോട്ടുകൾ നേടിയാണ് അവധി അപേക്ഷ പാസായത്. പൗണ്ടുകടവ് വാർഡിലെ സ്വതന്ത്ര കൗൺസിലർ സുധീഷിന്റെയും കണ്ണമ്മൂല വാർഡിലെ കൗൺസിലർ പാറ്റൂർ രാധാകൃഷ്ണന്റെയും പിന്തുണയും ബിജെപിക്ക് നിർണായകമായി.

1994-ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്ത അംഗം അയോഗ്യനാകുമെന്ന വ്യവസ്ഥയുണ്ട്. സുഗതന്റെ അവധി അപേക്ഷ തള്ളപ്പെട്ടിരുന്നെങ്കിൽ കൗൺസിലർ സ്ഥാനം നഷ്ടപ്പെടുകയും, ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയിൽ ഭരണം നടത്തുന്ന ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമായിരുന്നു.

എന്നാൽ അവധി അപേക്ഷ കൗൺസിൽ അംഗീകരിച്ചതോടെ ആ പ്രതിസന്ധി ഒഴിവായി. മുനിസിപ്പാലിറ്റി നിയമപ്രകാരം കൗൺസിലിന്റെ അനുമതിയോടെ പരമാവധി ആറുമാസം വരെ അവധി അനുവദിക്കാമെന്നും, സുഗതനെ ആറുമാസത്തേക്ക് കൗൺസിൽ യോഗങ്ങളിൽ നിന്ന് ഒഴിവാക്കിയതായും മേയർ അറിയിച്ചു.

യോഗത്തിനിടെ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ബന്ധപ്പെട്ട സർക്കുലറും മേയർ കൗൺസിലിൽ വായിച്ചു. തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ എൽ.ഡി.എഫും യു.ഡി.എഫും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതോടെ കൗൺസിൽ യോഗം രാഷ്ട്രീയ സംഘർഷത്തിന് വേദിയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button