പിണറായിക്കെതിരായ ഇഡി നടപടിയിൽ രൂക്ഷ വിമർശനം; ‘യുഡിഎഫിനെ കൂട്ടുപിടിച്ച് ബിജെപി നീക്കം’ എന്ന് എം.എ. ബേബി

പിണറായി വിജയനെതിരായ ഇഡി വേട്ട യുഡിഎഫിനെ കൂട്ടുപിടിച്ചുകൊണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. ഇത്തരം രാഷ്ട്രീയ വേട്ടകളെ ശക്തമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗോൾവാൾക്കറുടെ പുസ്തകത്തിന് മുന്നിൽ നമസ്കരിച്ച ആളല്ലേ വി.ഡി. സതീശൻ എന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി നേതാക്കളായ സുരേഷ് ഗോപിയും അൽഫോൺസ് കണ്ണന്താനവും വി.ഡി. സതീശനെ പുകഴ്ത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ന്യൂസ്‌റൂമിനുള്ളിലെ പൊലീസ് കടന്നുകയറ്റത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. തന്റെ നിലപാടിൽ മാറ്റമില്ലെന്നും മാനേജ്മെന്റിന്റെ വിഷയങ്ങൾ സർക്കാർ അന്വേഷിക്കട്ടെയെന്നും, എന്നാൽ അതിന്റെ പേരിൽ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാൻ കഴിയില്ലെന്നും എം.എ. ബേബി വ്യക്തമാക്കി. പവർകട്ടുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ മന്ത്രിയെ പരിഹസിച്ച അദ്ദേഹം, വൈദ്യുതി വന്നിട്ട് ഓപ്പറേഷൻ ചെയ്താൽ മതിയെന്ന് പറയുന്ന ആരോഗ്യ മന്ത്രിയാണ് കേരളത്തിലുള്ളതെന്നും, ജനജീവിതം ദുസ്സഹമാകുമ്പോഴാണ് ഇത്തരം പ്രതികരണങ്ങൾ ഉണ്ടായതെന്നും കുറ്റപ്പെടുത്തി.
കൂടാതെ, എഫ്.സി.ആർ.എ ബിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഹീനമായ നീക്കമാണെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി. വിദേശത്തുനിന്ന് ആർ.എസ്.എസ്. നിരന്തരം ഫണ്ട് സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇതിൽ യാതൊരു പ്രശ്നവുമില്ലേ എന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ ആർ.എസ്.എസിന്റെ ഫണ്ട് ഉറവിടങ്ങളെക്കുറിച്ച് കൃത്യമായ റിപ്പോർട്ട് നൽകുന്നുണ്ടോ എന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



