ജാൻമണി വിവാദം: ‘സുഹൃത്താണെങ്കിലും തെറ്റിനെ ന്യായീകരിക്കില്ല’; പ്രതികരണവുമായി രഞ്ജിനി ഹരിദാസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻ താരവുമായ ജാൻമണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി അവതാരക രഞ്ജിനി ഹരിദാസ്. ജാൻമണി തന്റെ അടുത്ത സുഹൃത്താണെങ്കിലും ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും പൊതുപ്രവർത്തകർ അഭിപ്രായം പറയുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും രഞ്ജിനി പറഞ്ഞു.
“ഇത് പറയണോ വേണ്ടയോയെന്ന് ഏറെ ആലോചിച്ചു. പറയാതെ ഇരുന്നാൽ അത് ഞാൻ എന്നോടുതന്നെ ചെയ്യുന്ന തെറ്റായിരിക്കും. ദൈവം നൽകിയ ശബ്ദം എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. ജാൻമണി വലിയൊരു മണ്ടത്തരം ചെയ്തു. അത് ഞാൻ അവളോട് നേരിട്ട് പറഞ്ഞിട്ടുണ്ട്,” എന്നാണ് രഞ്ജിനിയുടെ പ്രതികരണം.
പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ ആലോചിച്ചും വസ്തുതകൾ മനസ്സിലാക്കിയും മാത്രമേ അഭിപ്രായം പറയാവൂവെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ മറ്റൊരാളെ അപമാനിക്കാനുള്ള അവസരമായി കാണരുതെന്നും രഞ്ജിനി പറഞ്ഞു.
ഒരു സോഷ്യൽ മീഡിയ റീൽ കണ്ടുണ്ടായ തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് ജാൻമണി സംസാരിച്ചതെന്നും, രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും വസ്തുതകൾ മനസ്സിലാക്കാതെയാണ് പ്രതികരിച്ചതെന്നും രഞ്ജിനി വിമർശിച്ചു.
“ജാൻമണി എന്റെ സുഹൃത്താണ്, സ്‌നേഹവുമുണ്ട്. പക്ഷേ ഇതുപോലുള്ള കാര്യങ്ങളിൽ പ്രതികരിക്കാതിരിക്കാനാവില്ല. സംസാരിക്കും മുമ്പ് ചിന്തിക്കണം. സത്യമെന്താണെന്ന് അറിയാത്ത വിഷയങ്ങളിൽ അഭിപ്രായം പറയരുത്,” എന്നും അവർ കൂട്ടിച്ചേർത്തു.
ജന്തർ മന്തറിൽ നടന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ സമരത്തിൽ രഞ്ജിനിക്കും ജാൻമണിക്കുമൊപ്പം പങ്കാളിത്തമുണ്ടായിരുന്നു. എന്നാൽ ജാൻമണിയുടെ പരാമർശങ്ങൾ നല്ലൊരു പരിപാടിയെ രാഷ്ട്രീയ വിവാദത്തിലാക്കിയെന്നും, കുട്ടികൾ നേടിയ നേട്ടം ആഘോഷിക്കാനുള്ള അവസരം പോലും നഷ്ടപ്പെടുത്തിയെന്നും രഞ്ജിനി പറഞ്ഞു.
അതേസമയം, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർ പൊലീസാണ് ജാൻമണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകൾ 192, 356(2), കേരള പൊലീസ് ആക്ട് 120(ഒ) എന്നിവ പ്രകാരമാണ് കേസ്. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും സമൂഹത്തിൽ അസ്വസ്ഥതയും ലഹളയും സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള പരാമർശങ്ങളാണ് നടത്തിയതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.



