എക്സാലോജിക് കേസിൽ എഫ്‌ഐആർ ഇട്ടാൽ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും കുടുങ്ങും; വെല്ലുവിളിയുമായി എ.കെ. ബാലൻ

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്സാലോജിക് കേസിൽ വിജിലൻസ് എഫ്.ഐ.ആർ. തയ്യാറാക്കി കേസെടുത്താൽ യു.ഡി.എഫ്. നേതാക്കളായ രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും കുടുങ്ങുമെന്ന് മുതിർന്ന സി.പി.എം. നേതാവ് എ.കെ. ബാലൻ. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെളിവുണ്ടെങ്കിൽ സർക്കാർ എഫ്.ഐ.ആർ. ഇടട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
സമാനമായ ആരോപണങ്ങളിൽ കോടതിക്ക് മുന്നിൽ പലവട്ടം കയറിയിറങ്ങി ശുദ്ധി തെളിയിച്ച പിണറായി വിജയനും കുടുംബാംഗങ്ങളും വെള്ളത്തിന് മുകളിൽ തന്നെ നിൽക്കുമെന്നും, എന്നാൽ യു.ഡി.എഫ്. നേതാക്കളായിരിക്കും മുങ്ങിത്താഴുകയെന്നും എ.കെ. ബാലൻ പറഞ്ഞു. എല്ലാ രേഖകളും എ.ജി.യുടെ ഓഫീസിൽ എത്തിച്ച ശേഷമാണ് ഈ സ്ഥിതി വന്നിട്ടുള്ളത്. എഫ്.ഐ.ആർ. ഇട്ടാൽ പ്രസ്തുത മന്ത്രിമാർ കുടുങ്ങും, ഇല്ലെങ്കിൽ പിണറായി വിജയന്റെ നിരപരാധിത്വം കൂടുതൽ വ്യക്തമാകും. അതിനാൽ ഇതൊരു ഇരുതലമൂർച്ചയുള്ള വാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിജിലൻസ് നിയമ പരിശോധന നടത്തിയ ആരോപണമാണിതെന്നും, പുതുതായി കേസെടുക്കാൻ സർക്കാരിന്റെ കൈവശം എന്ത് തെളിവാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, താൻ മുഖ്യമന്ത്രിയെ നേരിൽ കണ്ടത് എക്സാലോജിക് വിഷയവുമായി ബന്ധപ്പെട്ടല്ലെന്നും, കെ.എസ്.എഫ്.ഇ. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ സംസാരിക്കാനായിരുന്നു എന്നും എ.കെ. ബാലൻ വ്യക്തമാക്കി.



