ന്യൂനപക്ഷ വോട്ടുകൾ എതിരായി ഏകീകരിച്ചു; തിരിച്ചുവരുമെന്ന് ആത്മവിശ്വാസത്തിൽ പിണറായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പരാജയകാരണം വിലയിരുത്താൻ ഇടതുമുന്നണി യോഗം ചേർന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമാണ് പ്രധാന തിരിച്ചടിയായതെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉയർന്നത്.
ജനങ്ങളിലേക്കുള്ള മുന്നണി സംവിധാനത്തിന്റെ ഇടപെടൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പരാജയത്തിന് നിരവധി ഘടകങ്ങൾ കാരണമായെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. വിഷയത്തിൽ കൂടുതൽ വിശദമായ ചർച്ചകൾ ജൂണിൽ നടത്താൻ തീരുമാനമായി.
അതേസമയം, വ്യക്തിപരമായ അധിക്ഷേപങ്ങൾ താൻ കാര്യമാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വ്യക്തമാക്കിയതായാണ് വിവരം. മുന്നണി ഒന്നിച്ചുനിന്നാൽ ശക്തമായി തിരിച്ചുവരാനാകുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ശക്തമായ മുന്നേറ്റം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനശൈലി ഉൾപ്പെടെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഇടതുമുന്നണി യോഗം ചേർന്നത്.
പരാജയത്തിന്റെ കാരണം ബ്രാഞ്ച് തലത്തിൽ വരെ പരിശോധിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ജൂൺ 15 വരെയാണ് പാർട്ടി സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ഘടകകക്ഷികളും സമാന രീതിയിൽ തെരഞ്ഞെടുപ്പ് വിലയിരുത്തൽ നടത്തണമെന്നും യോഗത്തിൽ ധാരണയായി. ജൂൺ 15ന് ശേഷം മുഴുവൻ സമയ എൽഡിഎഫ് യോഗം ചേർന്ന് സമഗ്ര ചർച്ച നടത്താനും തീരുമാനമായി.
ഇതിനിടെ, സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലേക്കു വേണ്ട രീതിയിൽ എത്തിച്ചേരാനായില്ലെന്ന വിമർശനവും സിപിഐ യോഗത്തിൽ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് ഇത് പ്രധാന കാരണങ്ങളിലൊന്നായിരുന്നുവെന്നാണ് സിപിഐയുടെ വിലയിരുത്തൽ.



