കെപിസിസി അധ്യക്ഷനായി ബെന്നി ബെഹന്നാൻ; സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി എഐസിസി. ബെന്നി ബെഹന്നാനെ പുതിയ കെപിസിസി അധ്യക്ഷനായി നിയമിക്കുമെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് വരാനിരിക്കുന്ന മന്ത്രിസഭയിൽ അംഗമാകാനിടയുള്ള സാഹചര്യത്തിലാണ് നേതൃത്വമാറ്റത്തിന് സാധ്യത ശക്തമാകുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സണ്ണി ജോസഫ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.
അതേസമയം, പാർട്ടിക്കുള്ളിലെ മുഖ്യമന്ത്രി പോരാട്ടവും ഗ്രൂപ്പ് സമവാക്യങ്ങളും കൂടുതൽ സജീവമായി തുടരുകയാണ്. കെ. സുധാകരൻ, ബെന്നി ബെഹന്നാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ കെ.സി. വേണുഗോപാലിന് പിന്തുണ നൽകുന്നുണ്ടെന്നാണ് വിവരം, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള യുവ എംഎൽഎമാരും ഘടകകക്ഷിയായ മുസ്ലിം ലീഗും വി.ഡി. സതീശന് പിന്നിൽ ഉറച്ചുനിൽക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇന്ദിരാഭവനിൽ എഐസിസി നിരീക്ഷകരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പുരോഗമിക്കുകയാണ്. എംഎൽഎമാരുമായി വ്യക്തിഗതമായി നടത്തുന്ന കൂടിക്കാഴ്ചകൾക്ക് ശേഷം നിരീക്ഷകർ ഇന്ന് തന്നെ ഡൽഹിയിലേക്ക് മടങ്ങും. തുടർന്ന് ഹൈക്കമാൻഡിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുക.



