കോൺഗ്രസ് നിയമസഭാകക്ഷിയോഗം പ്രമേയം പാസാക്കി; തീരുമാനം ഹൈക്കമാൻഡിന്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡിന് വിട്ട് കോൺഗ്രസ് നിയമസഭാകക്ഷിയോഗം. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം യോഗം പാസാക്കി.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്താങ്ങി. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും യോഗത്തിൽ പങ്കെടുത്തു.
അതേസമയം, കോൺഗ്രസ് എംഎൽഎമാരുമായി നിരീക്ഷകരുടെയും ദീപാ ദാസ് മുൻഷിയുടെയും വ്യക്തിഗത കൂടിക്കാഴ്ചകളും ആരംഭിച്ചു. എംഎൽഎമാരുടെ പിന്തുണയും മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള നിലപാടുകളും ഈ കൂടിക്കാഴ്ചകളിലൂടെയാണ് വ്യക്തമാകുക.
ദീപാ ദാസ് മുൻഷിയെ കൂടിക്കാഴ്ചയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം നേരത്തെ സതീശൻ ക്യാമ്പ് ഉയർത്തിയിരുന്നുവെങ്കിലും അത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന. മണ്ഡലവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾ കാരണം പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ നിരീക്ഷകരുമായി നേരത്തെ തന്നെ കൂടിക്കാഴ്ച നടത്തി.
എംഎൽഎമാരുടെ അഭിപ്രായത്തിന് പുറമെ യുഡിഎഫ് ഘടകകക്ഷി നേതാക്കളുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും നിലപാടുകളും എഐസിസി നിരീക്ഷകർ തേടും. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് ഡൽഹിയിലെ ഹൈക്കമാൻഡിന് സമർപ്പിച്ചതിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ തീരുമാനം വൈകുന്നതിനാൽ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലും വൈകൽ ഉണ്ടായേക്കുമെന്നാണ് സൂചന. അതിനാൽ മുഖ്യമന്ത്രിയോടൊപ്പം ആദ്യം ഘടകകക്ഷി മന്ത്രിമാരാകും സത്യപ്രതിജ്ഞ ചെയ്യുക. തുടർന്ന് കോൺഗ്രസ് മന്ത്രിമാരെ തീരുമാനിക്കുമെന്നാണ് വിവരം.
അതേസമയം, മന്ത്രിസ്ഥാനങ്ങളെ ചൊല്ലിയും പാർട്ടിക്കുള്ളിൽ അവകാശവാദങ്ങൾ ശക്തമാകാനിടയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തൽ.



