വിജയ്‌യുടെ സത്യപ്രതിജ്ഞ ഉടൻ, സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകി

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ നടൻ വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. തമിഴ്നാട് ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര ആർലേക്കർ സർക്കാർ രൂപീകരണത്തിന് അനുമതി നൽകിയതായാണ് സൂചന.

വിജയ് ഗവർണറുമായി നടത്തിയ അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗവർണർ മുൻപ് സ്വീകരിച്ചിരുന്ന കടുത്ത നിലപാടിൽ ഇളവ് വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, 118 എംഎൽഎമാരുടെ പിന്തുണാ പട്ടിക സമർപ്പിക്കാൻ ഗവർണർ ആവശ്യപ്പെട്ടതായും വിവരം ലഭിക്കുന്നു.

മന്ത്രിസഭ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷ പിന്തുണ തനിക്കുണ്ടെന്ന് വിജയ് ഗവർണറെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, രണ്ട് അംഗങ്ങളുള്ള വി.സി.കെ വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ കേവല ഭൂരിപക്ഷത്തിനായി വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് നാല് സീറ്റുകളുടെ കുറവാണുള്ളത്. തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 118 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാത്തതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ പാർട്ടിയും കോൺഗ്രസും ആലോചിക്കുന്നതിനിടെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നത്.

ഇന്നലെ വിജയ് ഗവർണറെ നേരിൽകണ്ട് മന്ത്രിസഭ രൂപീകരിക്കാൻ അനുമതി തേടിയിരുന്നു. 14 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാമെന്ന ഉറപ്പും നൽകിയിരുന്നു. എന്നാൽ, ഭൂരിപക്ഷം തെളിയിച്ച ശേഷമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകാനാകൂവെന്ന നിലപാടിലായിരുന്നു ഗവർണർ.

ടി.വി.കെയ്ക്ക് കോൺഗ്രസ് ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സി.പി.എം, സി.പി.ഐ എന്നീ പാർട്ടികളുടേയും പിന്തുണ ഉറപ്പാക്കാൻ വിജയ് കത്തയച്ചതായാണ് വിവരം. രണ്ട് സീറ്റുകൾ വീതമുള്ള ഈ പാർട്ടികളുടെ നിലപാട് സർക്കാർ രൂപീകരണത്തിൽ നിർണായകമാകും.

അതേസമയം, എൻ.ഡി.എ ഘടകകക്ഷിയായ പി.എം.കെയുമായും അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. നാല് സീറ്റുകളുള്ള പി.എം.കെയുടെ പ്രസിഡന്റ് അൻപുമണി രാമദോസിന്റെ ഭാര്യയും ധർമ്മപുരി എം.എൽ.എയുമായ സൗമ്യയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം വിജയ് തള്ളിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ, ടി.വി.കെയെ പിന്തുണയ്ക്കണമെന്ന ആവശ്യം അണ്ണാ ഡി.എം.കെ അകത്തും ശക്തമാകുന്നതായാണ് വിവരം. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമിക്കു മേൽ സമ്മർദ്ദം ഉയരുന്നുവെന്നും രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *