‘ദേശസ്നേഹം സർക്കാരിനെ അനുസരിക്കലല്ല’; കേന്ദ്രമന്ത്രിയുടെ രാജിക്ക് പിന്നാലെ മുരളി ഗോപിയുടെ പ്രതികരണം വൈറൽ

പരീക്ഷാ ക്രമക്കേടുകളെ തുടർന്നുണ്ടായ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് വലിയ ചർച്ചയാകുന്നു. കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതൃത്വത്തിൽ ദില്ലിയിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ആരംഭിച്ച സമരം വലിയ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി പ്രഖ്യാപനം ഉണ്ടായത്.
ഈ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലാണ് അമേരിക്കൻ ചരിത്രകാരനായ ഹൊവാർഡ് സിന്നിന്റെ ശ്രദ്ധേയമായ വരികൾ മുരളി ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ചത്. “ദേശസ്നേഹം എന്നത് സർക്കാരിനോടുള്ള വിധേയത്വമല്ല, സർക്കാർ നിലകൊള്ളുമെന്ന് കരുതപ്പെടുന്ന തത്വങ്ങളോടുള്ള വിധേയത്വമാണ്” എന്ന ആ വരികൾ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്കുള്ള ശക്തമായ മറുപടിയായാണ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്.



