മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് പണപ്പിരിവ്; മുൻമന്ത്രി വി. അബ്ദുറഹിമാനും പ്രതിപ്പട്ടികയിൽ, അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം!

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാൻ നടപടി. അഴിമതി നിരോധന നിയമത്തിലെ നാലു വകുപ്പുകൾ പ്രകാരമാണ് അന്വേഷണം നടത്തുക. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അനധികൃത ആനുകൂല്യങ്ങൾ നൽകൽ, പൊതുസ്വത്ത് ദുരുപയോഗം ചെയ്യൽ തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. കേസിൽ മുന്നോട്ടുപോകാൻ ഗവർണറുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു.
അബ്ദുറഹിമാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തും. അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിനായി സ്പോൺസറെ തിരഞ്ഞെടുത്തതിലും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയതിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (RBC)ക്കും ഉടമ ആന്റോ അഗസ്റ്റിനുമെതിരായ അന്വേഷണവും പുരോഗമിക്കുകയാണ്.
എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ടാം പ്രതിയും. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതി നടപ്പാകാതെ പോയതിനു പിന്നാലെയാണ് സ്പോൺസർഷിപ്പ് കരാറുകളും പണമിടപാടുകളും വിവാദമായത്. അതേസമയം, ക്രമക്കേടുകളിൽ തനിക്ക് പങ്കില്ലെന്നും നടപടിക്രമങ്ങളിലെ വീഴ്ച ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്നുമാണ് മുൻമന്ത്രി അന്വേഷണസംഘത്തോട് വ്യക്തമാക്കിയിട്ടുള്ളത്.



