ശബരിമലയിൽ സ്പോട്ട് ബുക്കിങ് പ്രതിസന്ധി; ബുക്ക് ചെയ്തിട്ടും ദർശനത്തിനെത്താത്തവർ നിരവധി, പരിശോധന നടത്തുമെന്ന് മന്ത്രി

കൊച്ചി: ശബരിമല സ്പോട്ട് ബുക്കിംഗ് ബുക്ക് ചെയ്യുന്നവർ പലരും ദർശനത്തിന് എത്തുന്നില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ഏജൻസികൾ കൂട്ടമായി ബുക്കിംഗ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കും. 5000 സ്ലോട്ടുകൾ അധികമായി ഉൾപ്പെടുത്താൻ ആലോചനയുണ്ടെന്നും ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായി. ശബരിമലയിൽ വൈകിട്ട് 4 മണി വരെ 42,958 പേർ മല ചവിട്ടി.

ശബരിമലയില്‍ മണ്ഡലകാലത്തെ വിർച്വല്‍ ക്യൂ മുഴുവൻ ബുക്കിങ് ആകുമ്പോഴും ദർശനത്തിന് എത്തുന്നത് പകുതിയോളം പേർ മാത്രമായിരുന്നു. 80000 പേർക്ക് ദർശനത്തിന് അനുമതിയുള്ള ഇന്നലെ 37,000 പേരാണ് സന്നിധാനത്ത് എത്തിയത്. സാഹചര്യം പരിശോധിക്കാൻ ഇൻറലിജൻസ് വിഭാഗത്തോട് ദേവസ്വം ബോർഡ് നിർദേശിച്ചു. ബുക്കിങ് ഏജന്‍റുമാരുടെ ഇടപെടലെന്ന വാദം ശബരിമല സ്പെഷ്യല്‍ ഓഫിസർ തള്ളി.

ശബരിമലയില്‍ ഒരു ദിവസം വിർച്വല്‍ ക്യൂ വഴിയുള്ള 66000വും സ്പോട്ട് ബുക്കിങ് വഴി 14000 അടക്കം 80000 പേർക്കാണ് ദ‍ർശനത്തിന് അനുമതിയുള്ളത്. എന്നാല്‍ മണ്ഡല മകര വിളക്ക് തീർത്ഥാടനം തുടങ്ങിയതിന് പിന്നാലെ തന്നെ വിർച്വല്‍ ക്യൂ മുഴുവൻ ബുക്കിങ് ആയി. നിലവില്‍ ഡിസംബർ 25 വരെ വിർച്യല്‍ ക്യൂ ഒഴിവില്ലെന്നതാണ് സാഹചര്യം. എന്നാല്‍ ഓരോ ദിവസവും നേരിട്ട് ദർശനം നടത്തുന്നത് ബുക്ക് ചെയ്തവരില്‍ പകുതിയോളം മാത്രമേ ഉള്ളു. ചില സീസണുകളിലെ ആദ്യ ദിവസങ്ങളില്‍ തീർത്ഥാടകർ കുറയാറുണ്ട്. ബുക്ക് ചെയ്തവർ മുഴുവൻ എപ്പോഴും വരണമെന്നുമില്ല. എങ്കിലും ഈ സാഹചര്യത്തെ കുറിച്ച് വിശദമായി പരിശോധന നടത്താൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഇന്‍റലിജന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button