കോൺഗ്രസ് വിട്ടവർക്ക് തിരിച്ചുവരവിന് പച്ചക്കൊടി; പദവികൾക്കായി തലസ്ഥാനത്ത് ചരടുവലി? പഴയ കോൺഗ്രസുകാർക്കിടയിൽ അമർഷം

കോൺഗ്രസ് വിട്ടുപോയവരെ തിരികെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാകുമ്പോൾ കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. തലസ്ഥാനത്ത് ഇതുസംബന്ധിച്ച നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നതായാണ് സൂചന. തിരിച്ചുവരവിന് താൽപര്യം പ്രകടിപ്പിക്കുന്ന ചിലർക്ക് പാർട്ടിയിൽ സുപ്രധാന പദവികൾ ലഭിക്കണമെന്ന ആവശ്യവും ഉയരുന്നതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം.

രാജ്യസഭാ സീറ്റ് മുതൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം വരെയുള്ള പദവികൾ ചർച്ചകളിൽ ഇടംപിടിക്കുന്നുവെന്നാണ് ആക്ഷേപം. എന്നാൽ പ്രതിസന്ധിയുടെ നാളുകളിൽ പാർട്ടി വിട്ടുപോകാതെ കോൺഗ്രസിനൊപ്പം ഉറച്ചുനിന്നവർക്കിടയിൽ ഇത്തരം നീക്കങ്ങൾ അസംതൃപ്തിക്ക് കാരണമാകുന്നുണ്ട്.

തിരഞ്ഞെടുപ്പ് പരാജയങ്ങളും സംഘടനാപരമായ പ്രതിസന്ധികളും നേരിട്ട കാലത്ത് തെരുവിലും ബൂത്തുകളിലും പാർട്ടിയുടെ കൊടി പിടിച്ച് പ്രവർത്തിച്ച സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ സംഭാവനകൾക്ക് എന്ത് വിലയാണുള്ളതെന്നാണ് ഇവരുടെ ചോദ്യം.

പാർട്ടി വിട്ടുപോയവർക്ക് തിരിച്ചുവരാൻ വാതിൽ തുറക്കുന്നതിൽ എതിർപ്പില്ല. എന്നാൽ തിരിച്ചെത്തുന്നവർക്ക് ഉടൻ അധികാരസ്ഥാനങ്ങളും സംഘടനാ പദവികളും നൽകുന്നതിനോട് യോജിപ്പില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

രാജ്യസഭയിലേക്കും ഉന്നത പദവികളിലേക്കുമുള്ള മോഹങ്ങൾ മാറ്റിവെച്ച് ആദ്യം ബൂത്ത് തലത്തിൽ പ്രവർത്തിക്കട്ടെ. പാർട്ടിയുടെ പ്രതിസന്ധിക്കാലത്ത് കൂടെനിന്നവർക്കും അർഹമായ പരിഗണന ലഭിക്കണം.

കോൺഗ്രസിലേക്ക് മടങ്ങിവരുന്നവരെ സ്വീകരിക്കുമ്പോൾ വർഷങ്ങളായി പാർട്ടിക്കുവേണ്ടി നിലകൊണ്ടവരുടെ ആത്മാഭിമാനവും പ്രവർത്തനപരിചയവും സംഘടനാ വിശ്വാസ്യതയും വിസ്മരിക്കരുതെന്ന സന്ദേശമാണ് പഴയ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button