‘രവിയെ മേജർ എന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ട്’; ഗവർണർക്കെതിരെ രൂക്ഷ വിമർശനം

കൊച്ചി: ജന്തർ മന്തർ പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്കെതിരായ നിലപാട് സ്വീകരിച്ച നടനും സംവിധായകനുമായ മേജർ രവിക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ എം.എ നിഷാദ്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് യാതൊരു അവബോധവുമില്ലാതെ പ്രതികരിക്കുന്ന വ്യക്തിയാണ് മേജർ രവിയെന്ന് എംഎ നിഷാദ് പറഞ്ഞു. എപ്പോഴും മൈനറായി ചിന്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഇത്തരം ആളുകൾക്കൊന്നും മീഡിയ പബ്ലിസിറ്റി കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘അദ്ദേഹത്തെ കേൾക്കാൻ പോലും തയ്യാറാകരുത്. അവർ പറയുന്ന കാര്യങ്ങൾ കേൾക്കുന്ന ചില വാട്സാപ്പ് യൂണിവേഴ്സിറ്റികളുണ്ട്. കാവിപ്പട യൂണിവേഴ്സിറ്റി. അവിടെ നിന്ന് ലഭിക്കുന്ന കാര്യങ്ങൾക്കൊണ്ട് പൊതുസമൂഹത്തിൽ വന്ന് സംസാരിക്കരുത്. ഇത് വിവാദമായാലും എനിക്ക് പ്രശ്നമൊന്നുമില്ല. രവിയെ പോലുള്ള ആളുകളെ എനിക്ക് മേജർ എന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ട്. എന്തൊക്കെയാണ് പറഞ്ഞുകൂട്ടുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.
മുരളി മനോഹർ ജോഷി പോലുള്ളവർ ഈ സമരത്തെ പിന്തുണയ്ക്കുന്നു. കുട്ടികളോട് ചെയ്തത് അനീതിയാണെന്ന് പറയുന്നു. അപ്പോഴാണ് കേരളത്തിലിരുന്ന് മൈനർ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നത്. അദ്ദേഹത്തെ പോലുള്ള ആളുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വന്തം വീട്ടിലാണ് ഇങ്ങനെയൊരു വിഷയം വന്നതെങ്കിൽ അദ്ദേഹം ഇങ്ങനെ സംസാരിക്കുമോ?- എംഎ നിഷാദ് ചോദിച്ചു.കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ വിസ്മയയെ വിമർശിച്ചുകൊണ്ട് മേജർ രവി രംഗത്തെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് പ്രതിഷേധക്കാരെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശങ്ങൾ നടത്തിയത്. വിയറ്റ്നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ മർദിക്കുന്നത് കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്താണ് വിസ്മയ പോസ്റ്റിട്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്നും സമരക്കാർക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും മേജർ രവി പറഞ്ഞു. കോൺഗ്രസ് സർക്കാരിന്റെ കാലത്തും ചോദ്യപേപ്പർ ചോർന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വീട് ഈ രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള മേഖലയാണ്. അവിടെപ്പോയി പ്രതിഷേധിക്കാൻ നോക്കിയാൽ പൊലീസ് നടപടിയുണ്ടാകും. സമാധാനപരമായി പ്രതിഷേധിക്കുന്നു എന്ന് പറയുന്നവർ പൊലീസിന്റെ വണ്ടികൾ തകർക്കുന്നു, പൊലീസിന് നേരെ പെപ്പർ സ്‌പ്രേ അടിക്കുന്നു. ഇതിന് തിരിച്ചടി കിട്ടുമെന്നും മേജർ രവിയുടെ വീഡിയോയിൽ പറയുന്നുണ്ട്.



