പാലക്കാട് കോൺഗ്രസ് ഫ്ലെക്സ് രാഷ്ട്രീയ ചർച്ചയായി; കെ.പി.സി.സി അധ്യക്ഷ പദവിക്ക് മാത്യു കുഴൽനാടൻ പേര് ഉയർത്തി

പാലക്കാട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട പുതിയ ഫ്ലെക്സ് ബോർഡുകൾ കോൺഗ്രസ് പുനഃസംഘടന ചർച്ചകൾക്ക് പുതിയ രാഷ്ട്രീയ ചൂടേകുന്നു. കോൺഗ്രസിന്റെ മുൻനിര യുവ നേതാവും മൂവാറ്റുപുഴ എം.എൽ.എയുമായ മാത്യു കുഴൽനാടനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന ആവശ്യമുയർത്തിയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ‘പുതുയുഗ കോൺഗ്രസ്’ എന്ന പേരിൽ ഫ്ലെക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേക്കെത്തിയതോടെ സംഘടനാതല പുനഃസംഘടന ചർച്ചകൾ ശക്തമായിരിക്കുകയാണ്. നിലവിലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി ചുമതലയേറ്റതോടെ പാർട്ടിക്ക് പുതിയ മുഴുവൻസമയ അധ്യക്ഷനെ കണ്ടെത്തേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതോടൊപ്പം വർക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥും മന്ത്രിസഭയിലെത്തിയതിനാൽ സംഘടനാ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന വിലയിരുത്തലുണ്ട്.

പാർട്ടിയെ പുതുതലമുറയുടെ ഊർജ്ജത്തോടെ നവീകരിക്കേണ്ടതുണ്ടെന്നും അതിന് മാത്യു കുഴൽനാടനെപ്പോലുള്ള യുവ നേതാക്കൾ നേതൃത്വം ഏറ്റെടുക്കണമെന്നുമാണ് ഫ്ലെക്സിലൂടെ ഉയർന്നിരിക്കുന്ന ആവശ്യം. നിയമസഭയ്ക്കുള്ളിലും പുറത്തും മുൻ സർക്കാരിനെതിരെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധ നേടിയ നേതാവാണ് കുഴൽനാടൻ. യുവജനതയുടെ പിന്തുണയും അദ്ദേഹത്തിന് പാർട്ടിക്കുള്ളിൽ വർധിച്ചുവരുന്നതായി വിലയിരുത്തപ്പെടുന്നു.

എന്നാൽ പാലക്കാട് നഗരത്തിൽ മാത്രം ഇത്തരമൊരു പ്രചാരണ ഫ്ലെക്സ് ഉയർന്നത് പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളുടെയും അണിയറ നീക്കങ്ങളുടെയും ഭാഗമാണെന്ന സംശയവും ഉയരുന്നുണ്ട്. കെ.പി.സി.സി അധ്യക്ഷ പദവിയെ ചുറ്റിപ്പറ്റിയുള്ള ചരടുവലികൾ ശക്തമാകുന്നതിനിടെ ഉണ്ടായിരിക്കുന്ന ഈ ഫ്ലെക്സ് വിവാദത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button