ബഡ്ജറ്റില്‍ വിസ്മയ നീക്കങ്ങള്‍ക്ക് സാധ്യത; ലാഭത്തിലുള്ള 28 പൊതുമേഖല സ്ഥാപനങ്ങള്‍ നിക്ഷേപകരുടെ പ്രതീക്ഷയില്‍

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളെ പ്രൊഫഷണലൈസ് ചെയ്ത് അവയിൽ ഓഹരി പങ്കാളിത്തം നൽകുന്നതിനുള്ള നടപടികൾ സംസ്ഥാന ബജറ്റിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് സൂചന. ഇതോടെ ചെറുകിട നിക്ഷേപകരും പ്രവാസികളും ധനകാര്യ സ്ഥാപനങ്ങളും കൂടുതൽ ആകർഷിക്കപ്പെടുമെന്ന പ്രതീക്ഷ ശക്തമാകുന്നു.

ജി.എസ്.ടി നടപ്പാക്കിയതിന് പിന്നാലെ നികുതി സമാഹരണ സാധ്യതകൾ കുറയുന്ന സാഹചര്യത്തിൽ, നികുതി ഇതര വരുമാന മാർഗങ്ങളിലേക്ക് സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്നാണ് ധനകാര്യ മേഖലയിലെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വിപുലീകരിക്കുന്ന ആശയം വീണ്ടും ചർച്ചയാകുന്നത്.

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയായ സിയാൽ മാതൃകയിൽ, സംസ്ഥാനത്തെ ലാഭകരമായ പൊതുമേഖല സ്ഥാപനങ്ങളിലെ 10 ശതമാനം വരെ ഓഹരികൾ ചെറുകിട നിക്ഷേപകർക്കും പ്രവാസികൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ലഭ്യമാക്കിയാൽ വർഷംതോറും 5,000 കോടി രൂപയിലധികം സമാഹരിക്കാനാകുമെന്നാണ് കൊച്ചിയിലെ ചാർട്ടേഡ് അക്കൗണ്ടന്റും ധനകാര്യ വിദഗ്ധനുമായ സുരേഷ് ഗോപിനാഥന്റെ വിലയിരുത്തൽ.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) തുടങ്ങിയ സ്ഥാപനങ്ങൾക്ക് വളർച്ചയ്ക്കാവശ്യമായ മൂലധനം ലഭ്യമാക്കുന്നതിന് ഇത്തരം ഓഹരി പങ്കാളിത്തം സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിലൂടെ കമ്പനികളുടെ വിപണി മൂല്യം ഉയരാനും സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 28 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിൽ പ്രവർത്തിച്ചതായാണ് റിപ്പോർട്ട്. വിറ്റുവരവ് വർധിപ്പിക്കുകയും ലാഭക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തതോടെ, അടുത്ത ഘട്ടത്തിൽ പ്രൊഫഷണൽ മാനേജ്മെന്റ് ശക്തിപ്പെടുത്തുകയും പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സിയാൽ രാജ്യത്തിന് തന്നെ മികച്ച മാതൃകയായി തുടരുന്നു. സർക്കാർ–സ്വകാര്യ പങ്കാളിത്തത്തിൽ 1994ൽ രൂപീകരിച്ച ഈ സ്ഥാപനത്തിന്റെ നിലവിലെ വിപണി മൂല്യം 25,000 കോടി രൂപയ്ക്ക് മുകളിലാണെന്ന് വിലയിരുത്തപ്പെടുന്നു. സംസ്ഥാന സർക്കാരിന് കമ്പനിയിൽ 33.38 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button