പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ചയില്ല! സി.പി.എമ്മിനെതിരെ ബിനോയ് വിശ്വത്തിന്റെ തുറന്ന പോരാട്ടം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട സി.പി.ഐക്കെതിരെ ഘടകകക്ഷികളെ ഉപയോഗിച്ച് സി.പി.എം. നീക്കം നടത്തിയെന്ന ഗുരുതര ആരോപണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്. നിയമസഭയിൽ എൽ.ഡി.എഫിന്റെ പാർലമെന്ററി യോഗങ്ങളോ കമ്മിറ്റികളോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അവ വേണമെങ്കിൽ സി.പി.ഐയുടെ ആവശ്യം പരിഗണിക്കേണ്ടിവരുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

സി.പി.ഐക്കെതിരായ കാര്യങ്ങൾ സി.പി.എം നേതാക്കൾ മുന്നണി ഘടകകക്ഷികളോട് പ്രത്യേകം പ്രത്യേകം പറഞ്ഞതായും അവരിൽനിന്നാണ് ഇക്കാര്യം താൻ അറിഞ്ഞതെന്നും ബിനോയ് വിശ്വം പറഞ്ഞു. തുടർന്ന് സി.പി.എം നേതാക്കളെ വിളിച്ച് മറുപടി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകകക്ഷികളെ പരസ്പരം എതിരാക്കാനുള്ള നീക്കം നല്ല രാഷ്ട്രീയമല്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു.

അതേസമയം, ഇടതുമുന്നണി യോഗങ്ങളിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് മുന്നണി യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുകയും അതിൽ പങ്കെടുക്കുകയും ചെയ്തതെന്നും ബിനോയ് വിശ്വം വിശദീകരിച്ചു. യോഗത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

നിയമസഭയിൽ സി.പി.ഐ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അതിന്റെ ആവശ്യമില്ലെന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്.

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ ഇ.ഡി. അന്വേഷണം രാഷ്ട്രീയ വിഷയമല്ലെന്നും അതിൽ ഇടപെടേണ്ടതില്ലെന്നും യോഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു. ആദ്യം ഇ.ഡി. റെയ്ഡ് നടന്നപ്പോൾ പ്രതിപക്ഷനേതാവിനെതിരായ നീക്കമെന്ന നിലയിലാണ് ഇടപെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഈ നിലപാടിനെ ചില നേതാക്കൾ എതിർത്തതായും റിപ്പോർട്ടുണ്ട്.

‘പാറ്റസമരം’ പാഠമാക്കണമെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. ആറുവർഷമായി സമ്മേളനം നടക്കാത്തതിനെ തുടർന്ന് എ.ഐ.വൈ.എഫിന്റെ പ്രവർത്തനം മരവിച്ചെന്നും വിദ്യാർഥി-യുവജന സംഘടനകളെ പുനഃസംഘടിപ്പിക്കേണ്ട സമയമായെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ബിനോയ് വിശ്വത്തിന്റെ സാമൂഹികമാധ്യമ ഉപയോഗത്തെക്കുറിച്ചും യോഗത്തിൽ വിമർശനമുണ്ടായി. സാമൂഹികമാധ്യമങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ അത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു മുതിർന്ന നേതാവിന്റെ വിമർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button