ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; രാഹുലിനെ കാണാനെത്തിയ വി.ഡി. സതീശനെ പൊലീസ് തടഞ്ഞു

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ സംഘർഷാവസ്ഥ തുടരുന്നു. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ബാരക്കമ്പ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ സ്റ്റേഷന് പുറത്ത് എംപിമാരും പാർട്ടി പ്രവർത്തകരും പ്രതിഷേധവുമായി എത്തി.
രാഹുൽ ഗാന്ധിയെ കാണുന്നതിനായി കേരള മുഖ്യമന്ത്രി വി.ഡി. സതീശനും എംപിമാരും പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഇവരെ പൊലീസ് ആദ്യം തടഞ്ഞു. തുടർന്ന് ഏകദേശം 15 മിനിറ്റോളം പൊലീസും നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി.
രാഹുൽ ഗാന്ധിയെ കാണാൻ അനുവദിക്കുന്നില്ലെങ്കിൽ തങ്ങളെയും അറസ്റ്റ് ചെയ്യണമെന്ന് വി.ഡി. സതീശൻ പൊലീസിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സതീശനെയും എംപിമാരെയും സ്റ്റേഷനുള്ളിലേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിച്ചു.
അതേസമയം, പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും എത്തിയതായി റിപ്പോർട്ടുകളുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാകുന്നതിനിടെ ഡൽഹിയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുകയാണ്.



