മിൽമ പാലിന് നാളെ മുതൽ വില കൂടും; ലിറ്ററിന് നാല് രൂപ

സംസ്ഥാനത്ത് നാളെ മുതൽ മിൽമ പാലിനും തൈരിനും വില വർധിക്കും. പാലിന് ലിറ്ററിന് നാല് രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ വില പ്രിന്റ് ചെയ്ത കവറുകൾ വിപണിയിൽ എത്താൻ സമയമെടുക്കുമെന്നതിനാൽ ഒരു മാസം വരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകൾ തന്നെയാകും വിൽക്കുക. പാലിന് പുറമെ വരും ദിവസങ്ങളിൽ മറ്റ് പാൽ ഉൽപ്പന്നങ്ങളുടെ വിലയും ആനുപാതികമായി വർധിപ്പിക്കാൻ മിൽമ തീരുമാനിച്ചിട്ടുണ്ട്.

ക്ഷീരകർഷകരുടെ ഉൽപ്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു വില വർധനവ് അനിവാര്യമായതെന്ന് മിൽമ അധികൃതർ വ്യക്തമാക്കി. വർധിപ്പിക്കുന്ന തുകയുടെ 83.75 ശതമാനവും, അതായത് ലിറ്ററിന് 3.35 രൂപ കർഷകർക്ക് തന്നെയാകും ലഭിക്കുക. 2022 ഡിസംബർ ഒന്നിനാണ് ഇതിനുമുമ്പ് മിൽമ പാൽവിലയിൽ മാറ്റം വരുത്തിയത്. അന്ന് ലിറ്ററിന് ആറ് രൂപയാണ് വർധിപ്പിച്ചത്.

പുതിയ നിരക്കുകൾ പ്രകാരം മഞ്ഞ കവറിലുള്ള മിൽമ സ്മാർട്ടിന് (500 മില്ലി) 27 രൂപയും, നീല കവറിലുള്ള ടോൺഡ് മിൽക്കിന് (525 മില്ലി) 30 രൂപയുമാകും. ഓറഞ്ച് കവറിലുള്ള മിൽമ പ്രൈഡ് (500 മില്ലി) 30 രൂപയ്ക്കും പച്ച കവറിലുള്ള മിൽമ റിച്ച് (500 മില്ലി) 32 രൂപയ്ക്കും ലഭിക്കും. 525 ഗ്രാം വരുന്ന ക്ലാസിക് തൈരിന്റെ വില 35 രൂപയിൽ നിന്ന് 40 രൂപയായും ഉയർത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button