റിലീസ് ചെയ്ത് എട്ടാം ദിവസം 1000 കോടി ക്ലബ്ബിൽ ‘രാമായണ’! കേരളത്തിൽ നിന്ന് മാത്രം ഒറ്റദിവസം നേടിയത് 2 കോടിയിലേറെ

നിതീഷ് തിവാരി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചലച്ചിത്രം ‘രാമായണ’ ആഗോള കളക്ഷനിൽ 1000 കോടി പിന്നിട്ടു. നവംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം എട്ടാം ദിവസമാണ് ആയിരം കോടി നേടിയത്. ആയിരംകോടി കളക്ഷൻ നേടുന്ന 11-ാമത് ചിത്രംകൂടിയാണ് രൺബീർ കപൂർ നായകനും സായ് പല്ലവി, യാഷ്, ശോഭന തുടങ്ങി സൂപ്പർ താരനിരയുള്ള രാമായണ.
1033.55 കോടി രൂപയുടെ കളക്ഷനാണ് ബോക്സ് ഓഫീസിൽ ചിത്രം നേടിയിരിക്കുന്നത്. ‘ഇത് രാമന്റെ യുഗത്തിന്റെ ആരംഭമാണ്’ എന്ന വാചകത്തോടെയാണ് നിർമ്മാതാക്കളായ പ്രൈം ഫോക്കസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും 1000 കോടി കളക്ഷൻ ലഭിച്ചത് സ്ഥിരീകരിച്ചത്.
675.05 കോടി ഗ്രോസ് കളക്ഷൻ (നെറ്റ് കളക്ഷൻ 564.60 കോടി)യാണ് എട്ടാം ദിവസം വരെ ചിത്രത്തിന് ലഭിച്ചത്. വ്യാഴാഴ്ച 24042 ഷോകളിൽ നിന്നായി 53.50കോടിയാണ് ചിത്രം നേടിയത്. ഹിന്ദിയിൽ മാത്രം 43 കോടിയാണ് ഇന്നലെ ലഭിച്ചത്.
കന്നഡ ഭാഷയിൽ 3.22 കോടിയും, തെലുങ്ക് മൊഴിമാറ്റത്തിന് 2.30 കോടിയും മലയാളത്തിൽ 2.15 കോടിയും നേടി. റിലീസ് ദിവസം 64.85 കോടിയാണ് ഇന്ത്യയിൽ നിന്നും ചിത്രം കളക്ഷൻ നേടിയത്.എട്ട് ദിവസത്തെ കളക്ഷൻ കൊണ്ട് ഷാരൂഖ് ഖാന്റെ പഠാൻ (544.28 കോടിരൂപ), രാമായണ നായകൻ രൺബീർ കപൂറിന്റെ തന്നെ അനിമൽ (556.36 കോടി) എന്നീ ചിത്രങ്ങളുടെ നെറ്റ് കളക്ഷൻ ചിത്രം മറികടന്നു.



