ജിഎൻഎ കരാറിൽ വീണ്ടും അനിശ്ചിതത്വം; മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായി വൈദ്യുതി മന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട്‌ ജിഎൻഎയുമായുള്ള കരാർ അപ്രായോഗികമാണെന്നും നിലവിലെ സാഹചര്യത്തിൽ കരാർ ഉണ്ടാകില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സ്വകാര്യ ഏജൻസിയായ ജിഎൻഎ നൽകുന്ന നിരക്കുകൾ ആകർഷകമായി തോന്നാമെങ്കിലും രാത്രിയും പകലും ഒരുപോലെ വൈദ്യുതി വാങ്ങേണ്ടിവരുന്നത് പ്രായോഗിക ബുദ്ധിമുട്ടികൾ സൃഷി‌ടിക്കുമെന്നാണ് മന്ത്രിയും വൈദ്യുതി ബോർഡും ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി വിഡി സതീശന്റെ മുൻനിലപാടുകൾക്ക് വിരുദ്ധമാണ് വൈദ്യുതി മന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്‌താവന.

വൈദ്യുതി ബോർഡ് മുഖ്യമന്ത്രിക്ക് നൽകിയ വിശദമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കരാറിൽനിന്ന് പിന്മാറുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. ജിഎൻഎയെക്കാൾ സ‌ർക്കാരിന് വിശ്വസിക്കാൻ കഴിയുന്നത് ഹിമാചൽ പ്രദേശ് പോലുള്ള സർക്കാ‌ർ ഏജൻസികളിൽനിന്നുള്ള വൈദ്യുതിയാണെന്ന് സണ്ണി ജോസഫ് ആവർത്തിച്ചു.ലോഡ് ഷെഡിംഗ് ഭീഷണി ഉയർത്തി കരാറിൽ ഒപ്പിടാൻ കെഎസ്‌ഇബി സമ്മർദം ചെലുത്തുകയായിരുന്നുവെന്ന ആരോപണം മന്ത്രി തള്ളിക്കളഞ്ഞു.

സംസ്ഥാനത്തിന്ററെ യഥാർത്ഥ ആവശ്യകത തന്നെ ആവർത്തിച്ചുബോദ്ധ്യപ്പെടുത്തുക മാത്രമാണ് ബോർഡ് ചെയ്‌തതെന്നും അതൊരു സമ്മർദ തന്ത്രമല്ലെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് വൈദ്യുതി ഉപയോഗവും ആവശ്യകതയും ഓരോ വർഷവും കൂടിവരികയാണെന്നുള്ള കാര്യം കണക്കുകൾ നിരത്തി വിശദീകരിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 1000 മെഗാവാട്ടിന്റെ വർദ്ധനയാണ് ആവശ്യകതയിൽ ഉണ്ടായിട്ടുള്ളതെന്നും 10 വർഷത്തെ കണക്കെടുക്കുമ്പോൾ ഇത് ഇരട്ടിയിലധികമായി ഉയർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, 10 വർഷംകൊണ്ട് വെറും 150 മെഗാവാട്ടിന്റെ വർദ്ധന മാത്രമാണ് ജലവൈദ്യുത പദ്ധതികളിൽനിന്നുള്ള ഉൽപാദനത്തിൽ കൈവരിക്കാനായിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.’കേരളത്തിൽ പ്രധാനമായും രാത്രകാലങ്ങളിലാണ് വൈദ്യുതിക്ക് വലിയ തോതിൽ ആവശ്യകത അനുഭവപ്പെടുന്നതെന്നതിനാൽ ഇനിയുള്ള കാലങ്ങളിൽ പവർകട്ട് ഒഴിവാക്കാൻ കൂടുതൽ വ്യക്തമായ പദ്ധതികൾ അനിവാര്യമാണ്. പുരപ്പുറ സോളാർ സംവിധാനങ്ങൾവഴി പകൽസമയത്ത് സോളാർ വൈദ്യുതി ഉൽപ്പാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകുന്നുണ്ടെങ്കിലും

രാത്രികാലങ്ങളിൽ ഈ വൈദ്യുതി ലഭ്യമാകാത്തത് വലിയ വെല്ലുവിളിയാണ്. ഇതിന് പരിഹാരമായി സോളാർ ഊർജം സംഭരിച്ച് രാത്രി ഉപയോഗിക്കാനായി ബാറ്ററി സ്റ്റോറേജ് പദ്ധതികൾ വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഇത്തരം വികേന്ദ്രീകൃത പദ്ധതികൾ നടപ്പിലാക്കുന്നതിനായി ബജറ്റിൽ 100 കോടിരൂപ വകയിരുത്തിയിട്ട്. ബാങ്ക് വായ്‌പകളും സബ്‌സിഡിയും ലഭ്യമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുകയാണ്’- സണ്ണി ജോസഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button