പരീക്ഷാ ക്രമക്കേട്: പി.എസ്.സി ചെയർമാനെതിരെ അന്വേഷണ സംഘത്തിന്റെ ആരോപണം; കോടതിയിൽ റിപ്പോർട്ട്

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും അദ്ദേഹം ഹാജരാകാത്ത സാഹചര്യത്തിൽ ഇക്കാര്യം ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയും അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഹൈക്കോടതിയിൽ നിലവിലുള്ള കേസിന്റെ വിധി വന്ന ശേഷം ഹാജരാകുന്ന കാര്യം തീരുമാനിക്കാമെന്നായിരുന്നു ബൈജുവിന്റെ മറുപടി. എന്നാൽ, അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ എം.ആർ. ബൈജുവിന്റെ മൊഴി അടിയന്തരമായി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു.



