KPCC ആസ്ഥാനത്ത് ലഡുവും പായസവും റെഡി; UDF വിജയം ഉറപ്പെന്ന് നേതാക്കൾ

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ UDF ക്യാമ്പിൽ ആഘോഷ ഒരുക്കങ്ങൾ സജീവമായി. തിരുവനന്തപുരം KPCC ആസ്ഥാനമായ ഇന്ദിരാഭവനിൽ ലഡുവും പായസവും തയ്യാറാക്കി വിജയാഘോഷത്തിന് മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്.
UDF വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും. വിവിധ എക്സിറ്റ് പോളുകൾ UDFയ്ക്ക് മുൻതൂക്കം പ്രവചിച്ചതോടെ പാർട്ടി ക്യാമ്പിൽ ആവേശം വർധിച്ചിരിക്കുകയാണ്. വോട്ടെണ്ണൽ ഫലം തത്സമയം നിരീക്ഷിക്കാൻ വലിയ LED സ്ക്രീനുകളും ആസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്.
മുന്നണി നേതാക്കൾ ഫലപ്രഖ്യാപനത്തിനായി രാവിലെ മുതൽ തന്നെ KPCC ആസ്ഥാനത്ത് എത്തുമെന്നാണ് വിവരം. പ്രവർത്തകരും അനുയായികളും വൻ തോതിൽ എത്തിച്ചേരാനാണ് സാധ്യത.
ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും UDF നേതാക്കൾ ആവർത്തിക്കുന്നു. അതേസമയം LDFയും തുടർഭരണം ഉറപ്പാണെന്ന അവകാശവാദത്തിലാണ്.
“മെയ് 4 ആരുടേത്?” എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാന രാഷ്ട്രീയത്തിൽ ആവേശം പരമാവധിയിലെത്തിയിരിക്കുകയാണ്.



