പാചകവാതക വിലവർധന ജനജീവിതത്തെ തകർക്കുന്നു: കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണം മുഖ്യമന്ത്രി Pinarayi Vijayan

പാചകവാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നുവെന്ന് മുഖ്യമന്ത്രി Pinarayi Vijayan പറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപയോളം വർദ്ധിപ്പിച്ച് 3,000 രൂപയ്ക്ക് മുകളിലെത്തിച്ചതും, അഞ്ചുകിലോ എൽപിജി സിലിണ്ടറിന്റെ വില 251.50 രൂപ വർദ്ധിപ്പിച്ചതും സാധാരണ ജനങ്ങളെയും ചെറുകിട വ്യാപാരികളെയും ഗുരുതര പ്രതിസന്ധിയിലാഴ്ത്തുന്നതാണെന്ന് അദ്ദേഹം വിമർശിച്ചു.
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് രാജ്യത്തെ സാധാരണക്കാരെയും ചെറുകിട സംരംഭകരെയും കുടിയേറ്റത്തൊഴിലാളികളെയും ബാധിക്കുന്ന ഈ വിലവർധന നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം മാസങ്ങളായി പാചകവാതക ക്ഷാമം നേരിടുന്ന ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയ്ക്ക് ഈ അന്യായമായ വിലവർധന താങ്ങാനാവില്ലെന്നും അതിന്റെ ഭാരം ഒടുവിൽ സാധാരണ ജനങ്ങളുടെ തലയിൽ വന്നു വീഴുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലുൾപ്പെടെ പല ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്ര നയം തിരുത്തപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അമിതമായി വർദ്ധിപ്പിച്ച പാചകവാതക വില ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു



