ഐസിസി ട്രോഫികള്‍ ഒരുകാലത്ത് കിട്ടാക്കനിയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്

അഹമ്മദാബാദ്: ഐസിസി ട്രോഫികള്‍ ഒരുകാലത്ത് കിട്ടാക്കനിയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്. എന്നാല്‍ നായകനായി മഹേന്ദ്ര സിംഗ് ധോണി എത്തിയതോടെ ആ പതിവ് മാറി. ധോണിയുടെ കാലത്തിന് ശേഷം പിന്നീട് 11 വര്‍ഷത്തോളം കാത്തിരുന്നാണ് ഇന്ത്യക്ക് മറ്റൊരു ഐസിസി കിരീടം ലഭിച്ചത്. അത് നേടിക്കൊടുത്തതാകട്ടെ രോഹിത് ശര്‍മ്മയും. ധോണിയും രോഹിത്തും നായകരായിരുന്ന കാലഘട്ടത്തില്‍ വിവിധ ഫോര്‍മാറ്റുകളിലായി മൂന്ന് ലോകകിരീടങ്ങളാണ് ഇന്ത്യയിലെത്തിയത്.

ഇപ്പോഴിതാ 2026 ലെ ഫൈനലിന് മുമ്പ് ഇന്ത്യയുടെ ഇതിഹാസ നായകന്‍മാരുടെ ഒരു ഫോട്ടോയാണ് വൈറലായിരിക്കുന്നത്. ഫൈനലിന് മുമ്പ് ഗ്രൗണ്ടിലേക്ക് ജേതാക്കള്‍ക്കുള്ള ട്രോഫി എത്തിച്ചത് രോഹിത് ശര്‍മ്മയും എംഎസ് ധോണിയും ചേര്‍ന്നാണ്. ഐസിസി ചെയര്‍മാന്‍ ജയ് ഷായും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. രണ്ട് പേരും ഇന്ത്യക്കായി ഈ കിരീടം ഉയര്‍ത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷത. ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത് 5 ഐസിസി ട്രോഫികളും പത്ത് ഐപിഎല്‍ കിരീടങ്ങളും നടന്നു വരുന്നു എന്ന ക്യാപ്ഷനോടെയാണ്.

എംഎസ് ധോണിയുടെ കീഴില്‍ 2007ലെ ട്വന്റി 20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവയാണ് ഇന്ത്യ സ്വന്തമാക്കിയത്. രോഹിത് ശര്‍മ്മയുടെ കീഴില്‍ 2024ലെ ട്വന്റി 20 ലോകകപ്പ്, 2025ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലാണ് ഇന്ത്യ ജേതാക്കളായത്. ഐപിഎല്ലിലേക്ക് വന്നാല്‍ രണ്ട് പേരും ക്യാപ്റ്റന്‍മാരായിരുന്നു. രോഹിത് മുംബയ് ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കിയപ്പോള്‍ ധോണിയുടെ കീഴില്‍ അത്രയും തന്നെ കിരീടങ്ങള്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സും നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button