“എനിക്കതിൽ കഴിവില്ല!”; പ്രൊമോഷനുകളിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നയൻതാര

സ്വന്തം സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പോലും പങ്കെടുക്കാത്ത നടിമാരിലൊരാളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. വളരെ അപൂർവമായി മാത്രം ഇത്തരം വേദികളിൽ പ്രത്യക്ഷപ്പെടാറുള്ള നടി, ഇതിന്റെ പേരിൽ പലപ്പോഴും കടുത്ത വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ തന്റെ പുതിയ ചിത്രമായ ‘ടോക്സിക്’ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ പങ്കെടുത്ത നയൻതാര, എന്തുകൊണ്ടാണ് പൊതുവേ മാറിനിൽക്കുന്നതെന്നും ഈ ചിത്രത്തിന്റെ പരിപാടിക്കെത്തിയതെന്നും വ്യക്തമാക്കിയിരിക്കുകയാണ്.

ഭർത്താവ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘ലവ് ഇൻഷുറൻസ് കമ്പനി’യുടെ പ്രൊമോഷന് ശേഷമാണ് താരം വീണ്ടുമൊരു സിനിമ വേദിയിലെത്തുന്നത്. പ്രൊമോഷണൽ ഇവന്റുകളിലൊന്നും പങ്കെടുക്കാൻ തനിക്ക് അത്ര കഴിവില്ലാത്തതുകൊണ്ടാണ് അത്തരം പരിപാടികളിൽ നിന്ന് സാധാരണയായി മാറിനിൽക്കുന്നതെന്ന് നയൻതാര പറഞ്ഞു. എന്നാൽ ‘ടോക്സിക്’ തനിക്ക് വളരെയധികം പ്രത്യേകതയുള്ള ചിത്രമാണെന്നും അതുകൊണ്ടാണ് ചടങ്ങിൽ പങ്കെടുത്തതെന്നും നടി വെളിപ്പെടുത്തി.

ചിത്രത്തിന്റെ നായകനായ കന്നഡ സൂപ്പർതാരം യഷ് നേരിട്ട് വിളിച്ചതാണ് ഈ പരിപാടിയിൽ പങ്കെടുക്കാനുള്ള പ്രധാന കാരണമെന്ന് നയൻതാര പറഞ്ഞു. “അദ്ദേഹം എന്നെ വിളിച്ചു, അതുകൊണ്ടാണ് ഞാൻ വന്നത്. അത് മാത്രം മതി എനിക്ക് ഈ പരിപാടിയിൽ പങ്കെടുക്കാൻ. കൂടാതെ ഈ സിനിമയുടെ ഭാഗമായ ആളുകളുടെ മികച്ച വിഷനും ഈ ചിത്രത്തെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നു” – നയൻതാര കൂട്ടിച്ചേർത്തു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ സിനിമയുടെ പുറത്തുവന്ന ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button