‘എന്റെ കൂടെ പ്രവർത്തിക്കുന്നത് റിസ്കാണ്’; നിർമാണസംഘവും ആ തീരുമാനത്തെ പിന്തുണച്ചു, വികാരഭരിതയായി പാർവതി!

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമയുടെ വിജയാഘോഷ വേളയിൽ വികാരഭരിതയായി നടി പാർവതി തിരുവോത്ത്. ഒരു സമയത്ത് പല കാരണങ്ങളാൽ എന്നിലുള്ള വിശ്വാസം കുറഞ്ഞുവരുന്നുണ്ടായിരുന്നെന്നും അപ്പോഴാണ് ഷഹദ് ഈ കഥാപാത്രം നൽകിയതെന്നും പാർവതി വെളിപ്പെടുത്തി. അത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും നിർമാതാക്കളടക്കം ഈ തീരുമാനത്തിൽ ഒപ്പം നിന്നത് തനിക്ക് ഏറെ സഹായകരമായെന്നും പാർവതി പറഞ്ഞു. നിറകണ്ണുകളോടെയാണ് നടി ഇക്കാര്യം പറഞ്ഞത്.
ഇതൊരു പബ്ലിക് ഇവന്റാണെന്ന് എനിക്ക് തോന്നുന്നില്ല. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരുടെ ടീമിലുള്ള എല്ലാവരും ഒരുമിച്ചുള്ള ഒരു മുറിയിലേക്ക് വരുമ്പോൾ വീണ്ടും സെറ്റിലേക്ക് വന്നതുപോലെയാണ് തോന്നുന്നത്. ഷൂട്ടിംഗ് ദിവസങ്ങൾ ഞാൻ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഒരു സമയത്ത് പല കാരണങ്ങളാൽ എന്നിലുള്ള വിശ്വാസം കുറഞ്ഞുവരുന്നുണ്ടായിരുന്നു.
അപ്പോഴാണ് ഷഹദ് എന്നിൽ വിശ്വസിച്ച് ഈ കഥാപാത്രം നൽകിയത്. എനിക്കുവേണ്ടി നിൽക്കുകയും ചെയ്തു. അതിന് ഒരുപാട് നന്ദിയുണ്ട്.അത് എത്ര എളുപ്പമായിരുന്നില്ല. ഷഹദിന്റെ മുൻ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്നിട്ടും ഒരു പുതിയ ജോണറിലേക്ക് മാറാനും സംവിധായകനെന്ന നിലയിൽ തന്റെ രീതിയിൽ മാറ്റം വരുത്താനും ഷഹദ് തയാറായി. അതൊരു റിസ്ക് തന്നെയായിരുന്നു. എന്റെ കൂടെ വർക്ക് ചെയ്യുന്നത് റിസ്കാണ്. ആ തീരുമാനത്തെ നിർമാണസംഘവും പിന്തുണച്ചു. എന്നെപ്പോലെയുള്ള അഭിനേതാക്കൾക്ക് ഇത്തരം അവസരങ്ങൾ വലിയ മാറ്റമുണ്ടാക്കും’- പാർവതി വ്യക്തമാക്കി.



