മാസപ്പടി കേസിൽ അന്വേഷണം ഊർജിതമാക്കി ഇഡി; ആദ്യ കുറ്റപത്രം ഉടൻ സമർപ്പിക്കും!

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ്, നന്ദുലാൽ, നിഖിൽ അടക്കമുള്ളവർക്ക് ചോദ്യം ചെയ്യലിനായി ഇ.ഡി നോട്ടീസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ ഇ.സി.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം അവസാനം ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
കേസിൽ ആദ്യഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം. പിണറായി വിജയന്റെ മകൾ ടി. വീണയെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വീണയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ ഹസൻ വാരിസ് അടക്കമുള്ളവരുടെ പേരുകളും പണം കൈമാറിയതിന്റെ വിവരങ്ങളും ഉണ്ടായിരുന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സുഹൃത്തുക്കൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
കേസിൽ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണവും എഫ്.ഐ.ആറും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നുവെങ്കിലും, എഫ്.ഐ.ആർ പൂർണ്ണമായി റദ്ദ് ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിൽ ഇ.ഡി രജിസ്റ്റർ ചെയ്ത ഇ.സി.ഐ.ആർ പ്രകാരമുള്ള അന്വേഷണവുമായി മുന്നോട്ടുപോകാൻ തടസ്സമില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.



