പത്മജയുടെ മടങ്ങിവരവിനെതിരെ ദീപ്തി മേരി വർഗീസ്; പ്രവർത്തകരുടെ വികാരം മാനിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ എതിർപ്പ് പരസ്യമാക്കി കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ് രംഗത്ത്. പ്രവർത്തകരുടെ വികാരം പാർട്ടി നേതൃത്വം പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പത്മജ ഇപ്പോഴും സംഘപരിവാറിനെ പ്രശംസിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും, പല പ്രതീക്ഷകളോടെയാണ് അവർ ബിജെപിയിലേക്ക് പോയതെന്നും ദീപ്തി മേരി വർഗ്ഗീസ് ചൂണ്ടിക്കാട്ടി.
കോൺഗ്രസിലേക്ക് തന്നെയാണോ പത്മജ മടങ്ങിവരുന്നത് എന്ന് ചോദിച്ച അവർ, ഇക്കാര്യത്തിൽ വ്യക്തമായ നിലപാടൊന്നും പത്മജ പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു. പാർട്ടിയിലെ വനിതാ നേതാക്കളെയും പ്രവർത്തകരെയും അധിക്ഷേപിച്ചുകൊണ്ടാണ് പത്മജ കോൺഗ്രസ് വിട്ടതെന്നും ദീപ്തി ഓർമ്മിപ്പിച്ചു. ഇപ്പോഴും ബിജെപി നിലപാടുകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ, കെ. കരുണാകരന്റെ മകൾക്ക് ഇങ്ങനെ സംസാരിക്കേണ്ടി വരുന്നതിൽ സഹതാപം മാത്രമേയുള്ളൂവെന്നും അവർ പറഞ്ഞു. അതേസമയം, കോൺഗ്രസിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് അന്തിമ നിലപാട് പാർട്ടിയാണ് എടുക്കേണ്ടതെന്നും ദീപ്തി മേരി വർഗ്ഗീസ് വ്യക്തമാക്കി.



