മണ്ണൂർക്കോണത്ത് കടയിലേക്ക് പാഞ്ഞുകയറി കാർ; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർക്ക് തലനാരിഴയ്ക്ക് രക്ഷ

തിരുവനന്തപുരം: നെടുമങ്ങാട്-വിതുര റോഡിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ അഞ്ച് ജീവനുകളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നെടുമങ്ങാട് മണ്ണൂർക്കോണം പീപ്പിൾസ് ലൈബ്രറിക്ക് മുന്നിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. കാറിൽ യാത്ര ചെയ്തിരുന്ന കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടില്ല. കടയുടെ സമീപത്തായി കൈക്കുഞ്ഞുമായി ഒരു അമ്മയും മറ്റ് മൂന്ന് പേരും സംസാരിച്ചു നിൽക്കുകയായിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട കാർ ഇവർക്ക് തൊട്ടരികിലൂടെ കുതിച്ചെത്തി കടയിലേക്ക് ഇടിച്ചുകയറിയത്.



