നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം

തിരുവനന്തപുരം: അന്തരിച്ച കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് സർക്കാർ ജോലി. ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിരഞ്ജനയെ നിയമിച്ചത്. നിയമന ഉത്തരവ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിരഞ്ജനയ്ക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയായിരുന്നു നിരഞ്ജന നിയമന ഉത്തരവ് ഏറ്റുവാങ്ങിയത്. നവീൻ ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷ, ആരോഗ്യ മന്ത്രി കെ. മുരളീധരൻ, പഴകുളം മധു എംഎൽഎ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാൻ തീരുമാനിച്ചത്.
2024-ൽ കണ്ണൂരിൽ നടന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനിടെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ക്ഷണിക്കാതെയാണ് ദിവ്യ ചടങ്ങിൽ പങ്കെടുത്തതെന്നും യോഗത്തിൽ നവീൻ ബാബുവിനെ പരസ്യമായി അധിക്ഷേപിച്ചെന്നുമായിരുന്നു ആരോപണം. യോഗത്തിന് പിന്നാലെയാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടിലേക്ക് പോകുന്നതിനായി മലബാർ എക്സ്പ്രസിന് ടിക്കറ്റ് എടുത്തിരുന്നെങ്കിലും അദ്ദേഹം നാട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുകയായിരുന്നു. പുലർച്ചെ ചെങ്ങന്നൂരിൽ എത്തുമെന്ന് നവീൻ ബാബു ബന്ധുക്കളെ അറിയിച്ചിരുന്നു. തുടർന്ന് ഡ്രൈവർ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സർക്കാർ സിബിഐക്ക് വിട്ടിരുന്നു.



