മെസ്സി വിവാദത്തിൽ നിർണായക വഴിത്തിരിവ്; സർക്കാർ ഫയലുകൾ ലഭ്യമല്ലെന്ന് കായിക മന്ത്രി

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പല സർക്കാർ ഫയലുകളും ലഭ്യമല്ലെന്ന് കായിക മന്ത്രി ഒ. ജെ. ജനീഷ്. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്പോൺസർ പണം നൽകിയോ ഇല്ലയോ എന്നതല്ല പ്രധാന വിഷയമെന്നും പരിപാടിക്കായി സ്വകാര്യ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തെ തെരഞ്ഞെടുത്തതടക്കം നിരവധി കാര്യങ്ങളിൽ വ്യക്തതക്കുറവുണ്ടെന്നും മന്ത്രി പറഞ്ഞു.
മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കായിക മന്ത്രിയുടെ പുതിയ പ്രതികരണം.
അതേസമയം, മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന ആരോപണം നേരിടുന്ന സ്പോൺസർക്ക് വേണ്ടി അന്നത്തെ സർക്കാർ ഇടപെട്ടതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്പോൺസർ ഫീസ് വൈകിയതിനെ തുടർന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) ചുമത്തിയ നഷ്ടപരിഹാരം ഒഴിവാക്കുന്നതിനായി അന്നത്തെ പിണറായി വിജയൻ സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതിന്റെ രേഖകളാണ് പുറത്തുവന്നത്.
2025 ജൂലൈ ഏഴിന് അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് കായിക വകുപ്പ് സെക്രട്ടറി കത്തയച്ചതായാണ് വിവരം. അർജന്റീന ടീം കേരളത്തിൽ നിന്ന് പിന്മാറുന്നത് സംസ്ഥാന സർക്കാരിനും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു. സ്പോൺസർ ഫീസ് അടയ്ക്കുന്നതിലുണ്ടായ കാലതാമസത്തിന് AFA ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാൻ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്നും സർക്കാരിന്റെ സൽപ്പേരിനെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഫണ്ട് ശേഖരണം പ്രതിസന്ധിയിലാകുമെന്നും അർജന്റീന ടീമിന്റെ വരവ് സർക്കാർ ഉൾപ്പെട്ട ത്രികക്ഷി ഏർപ്പാടാണെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ രേഖകൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് നിലവിലെ സർക്കാരിന്റെ നിലപാട്. സ്വകാര്യ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തെ തെരഞ്ഞെടുത്തതടക്കമുള്ള നടപടികളിലും അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.



