പാർവതിക്കെതിരെ ഒറ്റദിവസം ലഭിച്ചത് 20 പരാതികൾ; ഒത്തുതീർപ്പിന് ശ്രമിച്ച് ആംസ്റ്റർ ഓവർസീസ്

കൊച്ചി: ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരെ പരാതി പ്രളയം. ഇന്നലെ മാത്രം 20പേരാണ് പരാതിയുമായി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിനിടെ പരാതിക്കാർക്ക് പണം തിരികെ നൽകി ഒത്തുതീർപ്പാക്കാനുള്ള ശ്രമം ആംസ്റ്റർ ഓവർസീസ് നടത്തുന്നുണ്ടെന്നാണ് വിവരം. പാർവതിയുടെ ജാമ്യാപേക്ഷ ഇന്ന് വിചാരണക്കോടതി പരിഗണിക്കും.
അതേസമയം, വിദേശ പണമിടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) പൊലീസ് ഇന്ന് റിപ്പോർട്ട് നൽകും. ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിയെടുത്ത കോടികൾ വിദേശത്തേക്ക് കടത്തിയെന്ന കണ്ടെത്തലിലാണ് കൊച്ചി പൊലീസ് ഇഡിക്ക് റിപ്പോർട്ട് നൽകുന്നത്. വിസ തട്ടിപ്പിലൂടെ ലഭിച്ച പണം വിദേശത്ത് എത്തിച്ച് ക്രിപ്‌റ്റോ അടക്കം വൻ തോതിൽ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പാർവതിക്കെതിരായ പരാതികളും 2023 മുതലുള്ള പണമിടപാടുകളും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാണ് പൊലീസ് ഇഡിക്ക് സമർപ്പിക്കുക. കേസിൽ ഇഡി നേരത്തേ പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു.പോളണ്ട്, അർമേനിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്ത് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കി വഞ്ചിച്ചതായാണ് പാർവതിക്കെതിരായ പരാതികൾ. തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിന്റെ വലിയൊരു പങ്കും വിദേശ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് സ്വീകരിച്ചത്. മറ്റ് ജില്ലകളിലും ഇവർക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള ആംസ്റ്റർ ഓവർസീസ്, പാലാരിവട്ടത്തെ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് തുടങ്ങിയ സ്ഥാപനങ്ങൾക്കും വിദേശ റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. 2023 മുതൽ സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ തട്ടിപ്പുകൾ നടത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ റോൾസ് റോയ്‌സ് അടക്കമുള്ള ആഡംബര കാറുകൾക്കൊപ്പം വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ചുള്ള ഇവരുടെ റീലുകൾ വൈറലാണ്. പണം തിരികെ ചോദിച്ച ഉദ്യോഗാർത്ഥികളെ പാർവതിയും കൂട്ടാളികളും ഭീഷണിപ്പെടുത്തിയതായും പരാതികളുണ്ട്.



