സ്വർണവിലയിൽ വൻ ഇടിവ്; പവന് ₹1,840 രൂപ കുറഞ്ഞു

സ്വർണവില രാജ്യാന്തര വിപണിയിൽ ‘‍ഡെയ്ഞ്ചർ സോണിലേക്ക്’ കൂപ്പുകുത്തിയതോടെ കേരളത്തിലും വൻ വീഴ്ച. ഔൺസിന് 80ലേറെ ഡോളർ ഇടിഞ്ഞ് 4192 ഡോളറിലേക്കാണ് രാജ്യാന്തര വില താഴ്ന്നത്. ഇതോടെ കേരളത്തിൽ ഗ്രാമിന് ഒറ്റയടിക്ക് 230 രൂപ കുറഞ്ഞ് വില 13,765 രൂപയായി. 1840 രൂപ കുറഞ്ഞ് 1,10,120 രൂപയാണ് പവൻവില. ഗ്രാമിന് 190 രൂപ താഴ്ന്ന് 11,310 രൂപയാണ് 18 കാരറ്റ് സ്വർണവില. വെള്ളിക്ക് ഗ്രാമിന് 5 രൂപ കുറഞ്ഞ് 240 രൂപ. 4200 ഡോളർ എന്ന പ്രതിരോധതലവും പൊളിഞ്ഞ് രാജ്യാന്തര വില വീണതോടെ, ഇനി ആ വീഴ്ച 3940 ഡോളറിലേക്കുവരെ എത്തിയേക്കാമെന്നാണ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.

അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ ഇനിയും വില ഇടിയും. ഇറാൻ-യുഎസ് ഭിന്നത കൂടുതൽ വഷളാകുന്നതും ഹൂതികൾ സൗദി അറേബ്യയെ ശല്യപ്പെടുത്തുന്നതും ക്രൂഡോയിൽ വിലയുടെ വർധനയ്ക്ക് ഇടയാക്കുകയാണ്. ഇത് ആഗോളതലത്തിൽ പണപ്പെരുപ്പം, പലിശഭാരം എന്നിവ കൂടിയേക്കുമെന്ന ഭീതിയും ഉയർത്തുന്നു. ഇതോടെ ഡോളറും യുഎസ് ബോണ്ട് യീൽഡും കത്തിക്കയറിയതാണ് സ്വർണത്തിന് ആഘാതമായത്. യുഎസിന്റെ 10-വർഷ ബോണ്ട് യീൽഡ് 5.16 ശതമാനത്തിൽ നിന്ന് 5.207 ശതമാനത്തിലെത്തി.

2007ന് ശേഷമുള്ള ഏറ്റവും ഉയരമാണിത്. യുഎസ് ഡോളർ സൂചിക 0.12% മുന്നേറി 101.09 ആയി. ഇന്ത്യൻ രൂപ ഡോളറിനെതിരെ രാവിലെ 7 പൈസ താഴ്ന്ന് 95.88ലും എത്തി. ഇതെല്ലാം ആഭ്യന്തര വിപണിയിലും സ്വർണവില ഇടിവിന് വഴിവച്ചു. ഡോളറും ബോണ്ടും കരുത്താർജ്ജിക്കുമ്പോൾ സ്വർണ നിക്ഷേപങ്ങളിൽ കൊഴിഞ്ഞുപോക്കുണ്ടാകും. ഇത് വില താഴാൻ കാരണമാകുന്നു. സ്വർണത്തിന്റെ ഡിമാൻഡ് താഴാൻ ഡോളറിന്റെ കുതിപ്പും ഇടവരുത്തുന്നു. യുഎസിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കഴിഞ്ഞ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനം

കൂട്ടിയിരുന്നു. അടുത്ത യോഗത്തിലും പലിശ കൂട്ടുമെന്ന സൂചനകളുണ്ട്. അങ്ങനെയെങ്കിൽ ഡോളറും ബോണ്ടും കൂടുതൽ ശക്തമാകും; സ്വർണവില ഇനിയും ഇടിയും. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ക്രൂഡോയിൽ വില കുതിച്ചുകയറുന്നതും സ്വർണത്തിന് തിരിച്ചടിയാണ്. അതേസമയം, വിലക്കുറവ് മുതലെടുത്ത് സ്വർണത്തിൽ വാങ്ങൽ താൽപ്പര്യം (ബയിങ് ദ് ഡിപ്) ഉണ്ടായാൽ വില കൂടുതൽ ഇടിയാനുള്ള സാധ്യത മങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button