തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥപ്പോര് വിവാദം; ‘പോരും മത്സരവുമില്ല’ എന്ന കുറിപ്പുമായി ദിവ്യ എസ്. അയ്യർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ തർക്കമുണ്ടെന്ന വാർത്തകൾക്കിടെ, സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ. ഒരാളോടും പോരും മത്സരവും ചേരിതിരിവും ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ ഭാവനാവിരാജിതമാണെന്നും ദിവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

‘പോരും മത്സരവുമില്ല. മനുഷ്യരെ സ്നേഹിക്കുന്നു, പുൽകുന്നു, പുകഴ്ത്തുന്നു എന്ന പഴി മാത്രമാണ് ഇതുവരെ കേട്ടിട്ടുള്ളത്. ഒരാളോടും പോരും മത്സരവും ചേരിതിരിവും ഉണ്ടായിട്ടില്ല. വ്യക്തമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യനിർവഹണം നടത്തിയിട്ടുണ്ട്. പ്രചാരണങ്ങൾ ഭാവനാവിരാജിതമാണ്. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്’ എന്നായിരുന്നു ദിവ്യയുടെ കുറിപ്പ്.

തദ്ദേശ വകുപ്പിന്റെ മാലിന്യമുക്ത കേരളം പദ്ധതികളുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥർ തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ പുറത്തുവന്നത്. മാലിന്യനിർമാർജനത്തിനായി വകുപ്പിന്റെ നേതൃത്വത്തിൽ ‘നിർമലം’ പദ്ധതിയും ‘ഐസി 100 ചലഞ്ച്’ എന്ന പേരിൽ മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിലുള്ള തർക്കമാണ് രണ്ട് പദ്ധതികൾക്കും പിന്നിലെന്നായിരുന്നു റിപ്പോർട്ടുകൾ.

ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച നിർമലം പദ്ധതിയിൽ തനിക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ദിവ്യ എസ്. അയ്യർ മന്ത്രിയെ കണ്ട് അതൃപ്തി അറിയിച്ചതായും വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഐസി 100 ചലഞ്ച് പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഐസി 100 പദ്ധതിയിൽ വകുപ്പ് സെക്രട്ടറിക്ക് കാര്യമായ പങ്കില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.

ഒക്ടോബർ രണ്ടിന് പറവൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത നിർമലം പദ്ധതി സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായുള്ള പൊതുജനപങ്കാളിത്തത്തോടെയുള്ള ക്യാമ്പയിനാണ്. 2031 വരെ നീളുന്ന വിപുലമായ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിർമലം–പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഉത്തരവ് സെപ്റ്റംബർ 30ന് തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയാണ് പുറത്തിറക്കിയത്.

അതേസമയം, നിർമലം പദ്ധതിയുടെ ഉദ്ഘാടനദിവസമായ ഒക്ടോബർ രണ്ടിനാണ് ഐസി 100 ചലഞ്ചുമായി ബന്ധപ്പെട്ട ഉത്തരവും പ്രിൻസിപ്പൽ ഡയറക്ടർ പുറത്തിറക്കിയത്. ഈ പദ്ധതിയും പൊതുജനപങ്കാളിത്തത്തോടെയുള്ള ജനകീയ ക്യാമ്പയിനായാണ് വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് പദ്ധതികളുടെയും ഉത്തരവുകളിൽ സമാനമായ പ്രചാരണ പരിപാടികൾ ഉൾപ്പെട്ടതും ചർച്ചയായി.

വിവാദം ശക്തമായതോടെ രണ്ട് പദ്ധതികളും വ്യത്യസ്ത ലക്ഷ്യങ്ങളോടെയുള്ളതാണെന്ന വിശദീകരണവുമായി തദ്ദേശ വകുപ്പ് രംഗത്തെത്തി. അഞ്ച് വർഷത്തേക്കുള്ള വിപുലമായ പദ്ധതിയാണ് നിർമലമെന്നും 100 ദിവസത്തേക്ക് വാർഡുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്നതാണ് ഐസി 100 ചലഞ്ചെന്നും വകുപ്പ് വിശദീകരിച്ചു. നിർമലം പദ്ധതിയുടെ ഭാഗമായാണ് ഐസി 100 ചലഞ്ച് നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഉദ്യോഗസ്ഥർക്കിടയിൽ തർക്കമുണ്ടെന്ന വാർത്തകൾക്കിടെയാണ് ദിവ്യ എസ്. അയ്യരുടെ പുതിയ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധ നേടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button