പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസ് വീണ്ടും ചൂടുപിടിക്കുന്നു; ചെയർമാൻ എം.ആർ. ബൈജുവിന് ക്രൈംബ്രാഞ്ചിന്റെ പുതിയ നോട്ടീസ്

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് കേസിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ചൊവ്വാഴ്ച (നവംബർ 10) ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഉത്തരവിന് ശേഷം മാത്രമേ ഹാജരാകൂ എന്ന് എം.ആർ. ബൈജു മുൻപ് അറിയിച്ചിരുന്നു. എന്നാൽ അന്വേഷണമോ ചോദ്യം ചെയ്യലോ കോടതി വിലക്കിയിട്ടില്ലെന്നും, അന്വേഷണം നീട്ടിക്കൊണ്ടുപോകരുതെന്ന നിർദേശമുള്ളതിനാലാണ് വീണ്ടും നോട്ടീസ് നൽകിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇത്തവണയും ചെയർമാൻ ഹാജരായില്ലെങ്കിൽ വിഷയം ഹൈക്കോടതിയെ അറിയിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കേസിൽ പരീക്ഷാ കൺട്രോളർ ബിനി കെ. എബ്രഹാമിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

അതേസമയം, പരീക്ഷയിലെ 10 ചോദ്യങ്ങൾ മൂല്യനിർണയത്തിൽ നിന്ന് ഒഴിവാക്കിയതിൽ പങ്കില്ലെന്നാണ് അഡീഷണൽ സെക്രട്ടറി ആർ. ഹരി മൊഴി നൽകിയത്. ചുമതല ഡെപ്യൂട്ടി സെക്രട്ടറി സതീഷിനായിരുന്നുവെന്നും തനിക്കിതിനെക്കുറിച്ച് അറിവില്ലെന്നുമാണ് ഹരിയുടെ വാദം. എന്നാൽ ക്രൈംബ്രാഞ്ച് ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.

പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ക്രമക്കേടുകൾക്ക് വഴിവച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ചോദ്യങ്ങൾ തയ്യാറാക്കുന്ന പാനലിനെയും മൂല്യനിർണയം നടത്തുന്നവരെയും ചെയർമാനാണ് നേരിട്ട് തീരുമാനിച്ചതെന്ന് പിഎസ്‌സി അംഗങ്ങൾ മൊഴി നൽകി. ചെയർമാൻ മറ്റു അംഗങ്ങളുമായി കൂടിയാലോചിക്കാതെ തീരുമാനങ്ങളെടുക്കുകയും പിന്നീട് വിവാദങ്ങളുണ്ടാകുമ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കുകയുമാണ് പതിവെന്ന് പിഎസ്‌സി സെക്രട്ടറിയും ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button