മുഖ്യമന്ത്രി ചർച്ചകൾ ഹൈക്കമാൻഡിൽ; മല്ലികാർജുൻ ഖർഗെയെ കണ്ട് കെ. സുധാകരൻ

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പാർലമെന്റിലെ മല്ലികാർജുൻ ഖർഗെയുടെ ചേമ്പറിൽ വെച്ച് നടന്ന കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട പേരുകളെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായാണ് വിവരം.
അതേസമയം, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ചാ വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കെ.സി. വേണുഗോപാൽ തയ്യാറായില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ അനുകൂലിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകൾക്ക് പിന്നാലെ കെ. സുധാകരനെതിരെ സൈബർ ആക്രമണങ്ങൾ രൂക്ഷമായിരുന്നു.



