തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് ശ്രമം? സമഗ്ര അന്വേഷണത്തിന് മേയറുടെ നിർദേശം

തിരുവനന്തപുരം: കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പ് ശ്രമം നടന്നതായി ഉയർന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ വി വി രാജേഷ്. സംഭവത്തിൽ മേയർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
തട്ടിപ്പ് ശ്രമത്തിൽ കോർപറേഷൻ ഭരണസമിതിക്ക് നിർണായക വിവരം ലഭിച്ചിട്ടുണ്ട്. വലിയവിള വാർഡിൽ നിന്നാണ് വ്യാജ കെട്ടിക നികുതി സർട്ടിഫിക്കറ്റ് ലഭിച്ചത്. നേമം സോണൽ ഓഫീസിൽ നിന്നാണ് വ്യാജ ബിൽഡിംഗ് പെർമിറ്റ് കണ്ടെത്തിയത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മറ്റ് ഇടങ്ങളിലും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
അതേസമയം, തിരുവനന്തപുരം മൃഗശാല മാറ്റുന്ന കാര്യത്തിൽ സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം നിലവിലില്ലെന്ന് മേയർ അറിയിച്ചു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മേയറെന്ന നിലയിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. വിഷയത്തിൽ ബിജെപിയുടെ നിലപാട് പാർട്ടി വ്യക്തമാക്കും.
കോർപറേഷനോട് സർക്കാർ ഔദ്യോഗികമായി അഭിപ്രായം തേടുകയാണെങ്കിൽ കൗൺസിലിൽ ചർച്ച ചെയ്തതിനുശേഷം നിലപാട് അറിയിക്കുമെന്നും മേയർ വ്യക്തമാക്കി.നഗരത്തിനുള്ളിലെ മൃഗശാല അപൂർവയിനം മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണ്. മൃഗങ്ങൾ ചത്തുപോകുന്നുണ്ട്. മൃഗങ്ങൾക്ക് രോഗം പരക്കുമ്പോൾ സമീപ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. ആ ഭീതി സമീപത്ത് താമസിക്കുന്നവർ പറയാറുണ്ട്. മൃഗങ്ങൾ ചാടിപ്പോവുമ്പോൾ ജനങ്ങൾ ഭീതിയിലാണെന്നുമായിരുന്നു മൃഗശാല മാറ്റുന്ന വിഷയത്തിൽ മേയർ പ്രതികരിച്ചത്



