ചെക്ക് മോഷ്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി നൽകി സഹോദരിയും നടിയുമായ രാധ. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെത്തിയാണ് പരാതി നൽകിയത്. അംബികയ്ക്കും സഹോദരൻ മല്ലികാർജുൻ കുഞ്ചൻ നായർ എന്നിവർക്കെതിരെയാണ് രാധ പരാതി നൽകിയത്.
അഞ്ചു ചെക്കുകളിലായി 46 കോടി രൂപ തട്ടിയെന്നാണ് രാധ പരാതി നൽകിയിരിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്കുകൾ അനുമതി ഇല്ലാതെ ഇവർ കൈക്കലാക്കിയെന്നും ആരോപണമുണ്ട്. അങ്ങനെ 11 ലക്ഷം മുതൽ 27 ലക്ഷം വരെയുള്ള അഞ്ച് ചെക്കുകളിലായി 46 കോടി തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.
തന്റെ ബിസിനസ് ആവശ്യങ്ങൾക്കായി ‘ARS ഗാർഡൻസ് സ്റ്റുഡിയോ’ എന്ന പേരിൽ ഉപയോഗിച്ചിരുന്ന ഐഡിബിഐ ബാങ്കിലെ കറന്റ് അക്കൗണ്ട് വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് രാധ പറയുന്നത്. യാത്രയിലായിരിക്കുമ്പോൾ ജീവനക്കാരുടെ ശമ്പളം, യൂട്ടിലിറ്റി ബില്ലുകൾ, നികുതി, ഗാർഡൻ പരിപാലനം തുടങ്ങിയ ചെലവുകൾ കൈകാര്യം ചെയ്യുന്നതിനായി ഒപ്പിട്ട ഏതാനും ബ്ലാങ്ക് ചെക്കുകൾ മുറിയിൽ സൂക്ഷിച്ചിരുന്നതായും അവർ വ്യക്തമാക്കി.
2025 ജനുവരിയിൽ ബിസിനസിന്റെ പേര് ‘RR ഗാർഡൻസ്’ എന്നാക്കി മാറ്റിയതിനെ തുടർന്ന് പുതിയ ചെക്ക് ബുക്ക് ലഭിച്ചതോടെ പഴയ ചെക്ക് ബുക്ക് ഉപയോഗിക്കുന്നത് നിർത്തി. പിന്നീട് പഴയ ചെക്ക് ബുക്കിന്റെ കാര്യം ശ്രദ്ധയിൽപ്പെട്ടില്ല. പഴയ ചെക്കുകളിൽ അഞ്ചെണ്ണം അംബികയുടെ പേരിൽ പണമാക്കുന്നതിനായി ഹാജരാക്കിയെന്ന് അറിയിച്ചുകൊണ്ട് സെപ്തംബർ 17ന് ബാങ്കിൽ നിന്ന് സന്ദേശം ലഭിച്ചപ്പോഴാണ് വിവരം അറിയുന്നതെന്നും രാധ പരാതിയിൽ പറയുന്നു.



