പ്രതിഷേധം ശക്തമായതോടെ ‘പെദ്ധി’യിലെ രംഗങ്ങളിൽ മാറ്റം

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് വേണ്ട വ്യക്തിത്വം നല്‍കാതെ ഗ്ലാമര്‍ സാന്നിധ്യം മാത്രമാക്കുന്നുവെന്ന പരാതി മുഖ്യധാരാ സിനിമയില്‍ പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. സൂപ്പര്‍താരങ്ങളായ നായകന്മാരെ ബൂസ്റ്റ് ചെയ്യാന്‍ മാത്രമുള്ള ഒരു ലവ് ട്രാക്ക് ആയിരിക്കും പലപ്പോഴും നായികമാര്‍ക്ക് കിട്ടുക. ഇന്ത്യന്‍ സിനിമയില്‍ നിലവില്‍ ഈ വിമര്‍ശനം ഏറ്റവുമധികം ഏല്‍ക്കുന്നത് തെലുങ്ക് സിനിമയ്ക്കാണ്. രവി തേജ അടക്കമുള്ള നായകന്മാരുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പലപ്പോഴായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

തെലുങ്കില്‍ നിന്നുള്ള ഒരു പുതിയ റിലീസും ഇത്തരത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. രാം ചരണിനെ നായകനാക്കി ബുച്ചി ബാബു സന രചനയും സംവിധാനവും നിര്‍വ്വഹിച്ച പെദ്ധി എന്ന ചിത്രമായിരുന്നു അത്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ ജാന്‍വി കപൂര്‍ അവതരിപ്പിച്ച നായികാ കഥാപാത്രത്തെ വെറും ഉപഭോഗവസ്തു എന്ന രീതിയില്‍ ചിത്രീകരിച്ചു എന്നതായിരുന്നു വിമര്‍ശനം. ഒന്നോ രണ്ടോ പേരല്ല, ചിത്രത്തിന്‍റെ ആദ്യ ഷോകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വിമര്‍ശനം ചെവിക്കൊണ്ടിരിക്കുകയാണ് അണിയറക്കാര്‍.

സംവിധായകന്‍ ബുച്ചി ബാബു സന തന്നെ ഈ വിഷയത്തില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം വിമര്‍ശനവിധേയമായ രംഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ തങ്ങള്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിക്കുന്നു. “പ്രേക്ഷകര്‍ക്ക് സിനിമ വിനോദവും പ്രചോദനവും നല്‍കണമെന്നാണ് ഒരു സംവിധായകന്‍ എന്ന നിലയില്‍ എന്‍റെ വിശ്വാസം. ഒപ്പം അത് ആളുകളുമായി കണക്റ്റ് ആവുകയും വേണം. അത് ഒരാള്‍ക്കും അസ്വസ്ഥതയുണ്ടാക്കാന്‍ പാടില്ല. ഒപ്പം ആരോടും അനാദരവ് കാട്ടാനും പാടില്ല. പെദ്ധിയിലെ ചില രംഗങ്ങള്‍ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ഞങ്ങള്‍ കേട്ടു. അത് ഞങ്ങള്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.

സ്ക്രീനിലും പുറത്തും സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ഒരു സ്ത്രീ കഥാപാത്രത്തെയും ഉപഭോഗവസ്തു ആക്കാനോ അവഹേളിക്കാനോ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടേയില്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ആ വികാരത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അതിന് ക്ഷമയും ചോദിക്കുന്നു. അഭിപ്രായങ്ങള്‍ പരിശോധിച്ചതിന് ശേഷം പ്രസ്തുത രംഗങ്ങളില്‍ മാറ്റം വരുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്”, ബുച്ചി ബാബു സന എക്സില്‍ കുറിച്ചു. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് ബുച്ചി ബാബു സന.

അതേസമയം മികച്ച ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയത് 135 കോടിയാണ്. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഓപ്പണിങ്ങുകളിൽ ഒന്നാണ് ഇത്. അദ്ദേഹം സോളോ ഹീറോ ആയെത്തിയ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ ദിന ആഗോള കളക്ഷൻ കൂടിയാണിത്. ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിച്ചത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button