ശ്രദ്ധനേടി പുതുപ്പള്ളി എംഎൽഎയുടെ വ്യത്യസ്ത യാത്ര നിയമസഭയിലേക്ക് ചാണ്ടി ഉമ്മൻ എത്തിയ ഹൈബ്രിഡ് സൈക്കിൾ

തിരുവനന്തപുരം: എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാനായി പുതുപ്പള്ളി ഹൗസിൽ നിന്ന് നിയമസഭയിലേക്ക് ഇലക്ട്രിക് സൈക്കിളിൽ എത്തിയ ചാണ്ടി ഉമ്മൻ ശ്രദ്ധനേടി. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തുടനീളം ഉപയോഗിച്ച അതേ ഇ-സൈക്കിളിലായിരുന്നു പുതുപ്പള്ളി എംഎൽഎയുടെ നിയമസഭയിലേക്കുള്ള യാത്ര.

സാധാരണക്കാരുമായി കൂടുതൽ എളുപ്പത്തിൽ ഇടപഴകാനായാണ് പ്രചാരണത്തിനിടെ ഇലക്ട്രിക് സൈക്കിൾ ഉപയോഗിച്ചതെന്ന് ചാണ്ടി ഉമ്മൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രചാരണരീതിയിലെ ഈ വ്യത്യസ്തത വലിയ ജനശ്രദ്ധ നേടിയതും പുതുപ്പള്ളിയിൽ വൻ ഭൂരിപക്ഷ വിജയത്തിന് സഹായകമായതുമാണെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

എൻഎഫ്ബിഐയുടെ ഹൈബ്രിഡ് ഇലക്ട്രിക് സൈക്കിളായ ‘ഐ ബൈക്ക് 3X9’ മോഡലാണ് ചാണ്ടി ഉമ്മൻ ഉപയോഗിക്കുന്നത്. മോട്ടോർ ഉപയോഗിച്ചും ചവിട്ടിയും സഞ്ചരിക്കാനാകുന്ന സംവിധാനമാണ് ഈ സൈക്കിളിന്റെ പ്രത്യേകത. 250 വാട്ട് ഹെവി ഡ്യൂട്ടി BLDC ഹബ് മോട്ടോർ, 36 വോൾട്ട് 7.5Ah ലിഥിയം ബാറ്ററി എന്നിവയാണ് വാഹനത്തിന് കരുത്തേകുന്നത്.

പരുക്കൻ റോഡുകളിലും ഓഫ്‌റോഡ് യാത്രകൾക്കും അനുയോജ്യമായ 26×4 ഇഞ്ച് ഫാറ്റ് ടയറുകൾ, 21 സ്പീഡ് ഗിയർ സിസ്റ്റം, എൽഇഡി ഡിസ്പ്ലേ, ഡ്യുവൽ ഡിസ്ക് ബ്രേക്ക്, ഫ്രണ്ട് സസ്പെൻഷൻ, എൽഇഡി ഹെഡ്‌ലൈറ്റ്, വാക്കിംഗ് അസിസ്റ്റ് മോഡ് തുടങ്ങിയ ഫീച്ചറുകളും സൈക്കിളിലുണ്ട്.

ഹൈഡ്രോ കാർബൺ അലോയ് ഫ്രെയിമിൽ നിർമ്മിച്ചിരിക്കുന്ന ഈ ഹൈബ്രിഡ് ഇ-സൈക്കിളിന് ഏകദേശം 63,700 രൂപയാണ് വില. കാനേഡിയൻ ഡിസൈൻ അടിസ്ഥാനമാക്കി ഇന്ത്യയിൽ നിർമ്മിച്ചതാണ് മോഡൽ.

52907 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് രണ്ടാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button