പിണറായിയുമായി കൈകോർത്ത ടി.കെ ഗോവിന്ദൻ; സത്യപ്രതിജ്ഞയിൽ ശ്രദ്ധനേടി വി കുഞ്ഞികൃഷ്ണനും

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ശ്രദ്ധനേടി സിപിഎമ്മിൽ നിന്ന് അകന്ന് യുഡിഎഫ് പിന്തുണയോടെ വിജയിച്ച വി. കുഞ്ഞികൃഷ്ണന്റെയും ടി.കെ ഗോവിന്ദന്റെയും സത്യപ്രതിജ്ഞ. ഇരുവരും സഗൗരവമായാണ് സത്യവാചകം ചൊല്ലിയത്.

തളിപ്പറമ്പിൽ നിന്ന് വിജയിച്ച ടി.കെ ഗോവിന്ദൻ മുഖ്യമന്ത്രി പിണറായി വിജയന് കൈ കൊടുത്തുകൊണ്ടാണ് സത്യപ്രതിജ്ഞയ്ക്കായി വേദിയിലെത്തിയത്. ഭരണപക്ഷ നിരയിൽ നിന്നുള്ളവർ കയ്യടികളോടെയാണ് അദ്ദേഹത്തെ വരവേറ്റത്. പയ്യന്നൂരിൽ നിന്ന് വിജയിച്ച വി. കുഞ്ഞികൃഷ്ണൻ പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമാണ് സത്യപ്രതിജ്ഞ നിർവഹിച്ചത്. സിപിഎമ്മിനോട് തുറന്ന ഏറ്റുമുട്ടലിനൊടുവിലായിരുന്നു ഇരുവരുടെയും തെരഞ്ഞെടുപ്പ് പോരാട്ടം.

രാവിലെ 9 മണിക്കാണ് നിയമസഭാ മന്ദിരത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. പ്രോടേം സ്പീക്കർ ജി. സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. അക്ഷരമാല ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ നടത്തിയത്.

ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂറാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് പാറക്കൽ അബ്ദുല്ലയും കെ.എം അഭിജിത്തും ദൈവനാമത്തിൽ സത്യവാചകം ചൊല്ലി. “ബഹുമാന്യനായ മുഖ്യമന്ത്രി”, “ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ്” എന്നിങ്ങനെയായിരുന്നു ജി. സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്.

കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, അബിൻ വർക്കി എന്നിവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ സി. അജയപ്രസാദ്, ഒ.എസ് അംബിക, ജിആർ അനിൽ എന്നിവർ സഗൗരവമാണ് സത്യവാചകം ചൊല്ലിയത്. ഒ.എസ് അംബികയാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത വനിതാ അംഗം.

ആലുവ എംഎൽഎ അൻവർ സാദത്ത് സത്യവാചകത്തിന് ഒടുവിൽ “ആലുവാക്കാർക്ക് നന്ദി” രേഖപ്പെടുത്തി. എം.എസ് അരുൺ കുമാറും സഗൗരവം പ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ നിർവഹിച്ചത്.

കെ.എൻ ബാലഗോപാലും വി.ടി ബൽറാമും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ഉമ്മൻചാണ്ടിയുടെ ചിത്രം പതിച്ച ടി-ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സഭയിലെത്തിയത്. കോഴിക്കോട് സൗത്ത് എംഎൽഎ അഡ്വ. ഫൈസൽ ബാബു ഇംഗ്ലീഷിലായിരുന്നു സത്യവാചകം ചൊല്ലിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button