വയനാട് സിപിഎമ്മിൽ പൊട്ടിത്തെറി; പിണറായി വിജയനും എം വി ഗോവിന്ദനും സ്ഥാനമൊഴിയണമെന്ന് ജില്ലാ കമ്മിറ്റിയിൽ വിമർശനം

കൽപറ്റ: വയനാട് സിപിഎം ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം ഉയർന്നതായി റിപ്പോർട്ട്. പ്രതിപക്ഷ നേതാവായി പിണറായി വിജയൻ എത്തിയത് ജനങ്ങളെയും പാർട്ടിയെയും വെല്ലുവിളിക്കുന്ന നടപടിയാണെന്ന വിമർശനമാണ് യോഗത്തിൽ ഉയർന്നത്. എം.വി. ഗോവിന്ദനും പിണറായി വിജയനും സ്ഥാനങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും ചില അംഗങ്ങൾ ആവശ്യപ്പെട്ടതായാണ് വിവരം.

ശ്യാമളയുടെ സ്ഥാനാർത്ഥിത്വവും യോഗത്തിൽ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി. “എന്തും ചെയ്യാമെന്ന വെല്ലുവിളിയോടെയുള്ള നിലപാടാണ്” സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടായതെന്ന അഭിപ്രായമാണ് ചില നേതാക്കൾ മുന്നോട്ടുവച്ചത്.

ജില്ലാ സെക്രട്ടറി റഫീഖിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. “ജില്ലാ സെക്രട്ടറി എസ്‌എഫ്‌ഐ നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്”, “സെലിബ്രിറ്റികൾ വരുമ്പോൾ റീൽസ് എടുക്കേണ്ട ആളല്ല ജില്ലാ സെക്രട്ടറി” എന്നിങ്ങനെയുള്ള പരാമർശങ്ങളും യോഗത്തിലുണ്ടായതായാണ് റിപ്പോർട്ട്.

സിദ്ദിഖിനെതിരെ ഉയർത്തിയ ആരോപണങ്ങൾ വിശ്വാസയോഗ്യമല്ലാത്തതായിരുന്നുവെന്നും അത് ഭൂരിപക്ഷത്തെ ബാധിച്ചുവെന്നും ചില അംഗങ്ങൾ വിമർശിച്ചു.

അതേസമയം, ജില്ലാ സെക്രട്ടേറിയറ്റിലെ ചർച്ചകൾ മാധ്യമങ്ങളിലേക്ക് ചോർന്ന സംഭവത്തിൽ ജില്ലാ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. യോഗത്തിലെ വിവരങ്ങൾ പുറത്തുവിട്ടത് ആരാണെന്ന് അറിയാമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button