ബംഗാള്‍ മോഡലില്‍ കേരളം പിടിക്കാന്‍ ബി.ജെ.പി തന്ത്രം

2016-ല്‍ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ലഭിച്ചത് മൂന്ന് സീറ്റ്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നില വര്‍ധിപ്പിച്ച് മുഖ്യ പ്രതിപക്ഷ സ്ഥാനം. ഈ തെരഞ്ഞെടുപ്പിലാകട്ടെ മൃഗീയ ഭൂരിപക്ഷത്തില്‍ ബംഗാള്‍ ഭരണം ബി.ജെ.പി. കൈപ്പിടിയിലൊതുക്കി. ഇക്കുറി മൂന്ന് സീറ്റ് നേടിയതോടെ കേരള രാഷ്ട്രീയത്തില്‍ ബംഗാള്‍ മോഡല്‍ നീക്കത്തിനാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ തയാറെടുപ്പ്.
ഇത്തവണ 20,000 വോട്ടിനു മുകളില്‍ ലഭിച്ച 65 മണ്ഡലങ്ങളുണ്ട്. 25000 വോട്ടിനു മുകളിലെത്തിയ 24 മണ്ഡലങ്ങള്‍. ഈ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് കേന്ദ്ര നിര്‍ദേശം. നേതാക്കള്‍ മണ്ഡലം മാറി മത്സരിക്കുന്ന രീതിക്കും മാറ്റം വരും. കഴിഞ്ഞ രണ്ടു തവണയും പരാജയപ്പെട്ടിട്ടും പിന്മാറാതെ പൊരുതിയാണ് കഴക്കൂട്ടവും ചാത്തന്നൂരും ബി.ജെ.പി. പിടിച്ചത്. ശ്രദ്ധയൂന്നുന്ന മണ്ഡലങ്ങളില്‍ നേരത്തേ തന്നെ നേതാക്കള്‍ക്ക് ചുമതല നല്‍കും. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ മണ്ഡലത്തിന് സുപരിചിതനാകുന്ന നേതാവ് തന്നെ സ്ഥാനാര്‍ഥിയായാകും.
അവിടെ വിജയമുറപ്പിക്കാനും ബി.ജെ.പി. ലക്ഷ്യമിടുന്നു. ബംഗാള്‍ പിടിച്ചതോടെ ആളും അര്‍ത്ഥവും നല്‍കി കേന്ദ്ര നേതൃത്വം ‘മിഷന്‍ കേരള’യുമായി സംസ്ഥാന നേതൃത്വത്തിനൊപ്പം പൂര്‍ണമായും കൈകോര്‍ക്കും. ബംഗാള്‍ ഉള്‍പ്പെടുന്ന ബെല്‍റ്റില്‍ ഝാര്‍ഖണ്ഡ് മാത്രമാണ് ഇനി ബി.ജെ.പിക്ക് അന്യമായി നില്‍ക്കുന്നത്. ബംഗാളിന് സമാനമായി പ്രാദേശിക പാര്‍ട്ടിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ് അവിടെ ഭരണത്തിലുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശ് അടക്കം ബി.ജെ.പിയുടെ സ്വാധീന മേഖലയാണ്. അതിനാല്‍ തന്നെ അധികാരം പിടിക്കാന്‍ അടുത്ത ലക്ഷ്യമായി ബി.ജെ.പി. കേന്ദ്ര നേതൃത്വം നോക്കി കാണുന്നത് കേരളത്തെയാണ്.
സഖ്യ വിപുലീകരണമടക്കമുള്ള വിഷയങ്ങളില്‍ ജാഗ്രത പാലിക്കാനാണ് സംസ്ഥാന നേതൃത്വത്തിനുള്ള നിര്‍ദേശം. എറണാകുളത്ത് മാത്രം സ്വാധീനമുള്ള സഖ്യകക്ഷിക്ക് ജില്ലയ്ക്ക് പുറത്തടക്കം വാരിക്കോരി സീറ്റ് നല്‍കിയതില്‍ പാളിച്ച ഉണ്ടായോയെന്നും പരിശോധിക്കും. ഇതുമൂലം ബി.ജെ.പിയുടെ വോട്ട് വിഹിതവും കുറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ഇരു മുന്നണികളിലും രൂപപ്പെടാവുന്ന രാഷ്ട്രീയ പ്രതിസന്ധി ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങളുണ്ടാകണമെന്നും നിര്‍ദേശമുണ്ട്.
ഇരു ചേരികളില്‍നിന്നായി സ്വാധീനമുള്ള നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള നീക്കം ഊര്‍ജിതമാക്കും. കേരളത്തിനൊപ്പം തന്നെ തമിഴ്‌നാട്ടിലും അനുകൂല രാഷ്ട്രീയ കാലാവസ്ഥ രൂപപ്പെട്ടതായും ബി.ജെ.പി. കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. പരമ്പരാഗത രീതിമാറി ദ്രാവിഡ കക്ഷികളില്‍നിന്ന് വിജയ് അധികാരം പിടിച്ചതോടെ തമിഴക രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ സാധ്യത വര്‍ധിച്ചതായാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയടിക്ക് മൂന്നു സീറ്റ് നേടിയതോടെ കേന്ദ്ര നേതൃത്വത്തിന്റെ ഗുഡ് ലിസ്റ്റില്‍ ഇടം നേടിയ രാജീവ് ചന്ദ്രശേഖര്‍ തന്നെ സംസ്ഥാന പ്രസിഡന്റായി തുടര്‍ന്നേക്കും. നിയമസഭാ കക്ഷിയുടെ നേതാവായി വി. മുരളീധരനേയും ചുമതലപ്പെടുത്തിയേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button