‘ബഡായി ബഗ്ലാവി’ല്‍ നിന്ന് ഒരാള്‍കൂടി എം.എല്‍.എ.
ടെലിവിഷന്‍ ഷോ ആയ ‘ബഡായി ബഗ്ലാവി’ല്‍നിന്ന് ഒരാള്‍കൂടി നിയമസഭയിലേക്ക്. നടന്‍ മുകേഷിനു പിന്നാലെ രമേഷ് പിഷാരടിയും. ഇക്കുറി പാലക്കാട്ടു നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് പിഷാരടി ജയിച്ചത്.
നേരത്തെ കൊല്ലം നിയോജക മണ്ഡലത്തില്‍നിന്ന് സി.പി.എം. സ്ഥാനാര്‍ഥിയായി എം. മുകേഷ് രണ്ടു തവണ നിയമസഭയിലെത്തിയിരുന്നു. 2016, 2021 വര്‍ഷങ്ങളില്‍. ഇത്തവണ മത്സരിച്ചില്ല. 2024 ല്‍ കൊല്ലം മണ്ഡലത്തില്‍നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
‘ബഡായി ബഗ്ലാവി’ലെ പ്രധാനികളായ മൂന്നുപേരും നിയമസഭയിലേക്ക് മത്സരിച്ചു എന്ന പ്രത്യേകതയുമുണ്ട്. 2021 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബാലുശേരിയില്‍ മത്സരിച്ച ധര്‍മജന് പക്ഷേ വിജയിക്കാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഭര്‍ത്താവ് സച്ചിന്‍ ദേവിനായിരുന്നു അവിടെ വിജയം. ഇക്കുറി സച്ചിന്‍ അവിടെ പരാജയപ്പെടുകയും ചെയ്തു. കോണ്‍ഗ്രസിന് വേണ്ടി ധര്‍മജന്‍ ഇത്തവണ പ്രചാരണ രംഗത്തുണ്ടായിരുന്നു.ഇവര്‍ക്കൊപ്പം ‘ബഡായി ബഗ്ലാവി’ന്റെ ഭാഗമായ ആര്യ വോട്ടെണ്ണല്‍ ദിവസം ന്യൂയോര്‍ക്കിലായിരുന്നു. കലാപരിപാടി അവതരിപ്പിക്കാന്‍ എത്തിയ ആര്യ അവിടെ പാലക്കാട്ടെ വോട്ടെണ്ണല്‍ വിശേഷങ്ങള്‍ അറിയുകയും മറ്റുള്ളവരുമായി പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. മലയാളി സംഘടന ‘ഫൊക്കാന’ ഫലം അറിയാനും വിശകലനം നടത്താനും ബിഗ് സ്‌ക്രീനും ഒരുക്കിയിരുന്നു. മോഹന്‍ലാല്‍, സിത്താര തുടങ്ങിയ പ്രമുഖരും വോട്ടെണ്ണല്‍ ദിനം അമേരിക്കയില്‍ ആയിരുന്നു.



