അധികാരം മാറിയതോടെ പോലീസിൽ ചായ്‌വ് മാറ്റം; ഇഷ്ട പോസ്റ്റിനായി നേതാക്കളെ സമീപിക്കുന്നു

തിരുവനന്തപുരം: അധികാരം മാറിയതോടെ, ചായ്‌വു മാറ്റി ഒരു വിഭാഗം പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. ഇതുവരെ എല്‍.ഡി.എഫിനോട് ചായ്‌വ് പുലര്‍ത്തിയിരുന്നവരില്‍ പലരും ഇഷ്ട പോസ്റ്റിനും സീറ്റിനുമായി യു.ഡി.എഫ്. നേതാക്കളെ ബന്ധപ്പെട്ടു തുടങ്ങി. പോലീസ് സേനയിലാണ് ഇത്തരം ഇടപാടുകള്‍ കൂടുതല്‍.
മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും രഹസ്യമായി പുകഴ്ത്തിയിരുന്ന ചിലര്‍ ഭരണമാറ്റ സൂചനയില്‍ മാസങ്ങള്‍ക്കു മുമ്പേ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ തവണ ഇതേ നീക്കം നടത്തിയെങ്കിലും ഭരണം മാറാതിരുന്നതിനാല്‍ ചമ്മിയ പലരും ഇത്തവണ ഭരണം മാറുന്നതു വരെ നിശബ്ദത പുലര്‍ത്തി.
ഇഷ്ട സ്ഥാനം നേടാനായി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളെ നേരിട്ടു കണ്ട് സൗഹൃദം പുതുക്കി തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരും ജില്ലയിലുണ്ട്.
ഭരണമാറ്റത്തോടെ അസോസിയേഷന്‍ യു.ഡി.എഫ് അനുകൂലികളിലേയ്ക്ക് എത്തുമെന്നു വിലയിരുത്തലുകളുണ്ട്. ഫേസ് ബുക്കില്‍ പിണറായിയെ പുകഴ്ത്തി ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടവരാവട്ടെ ഭരണം മാറിയിതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിയൂരിയിട്ടുണ്ട്. പോലീസ്, പോലീസ് ഓഫീസ് അസോസിയേഷനുകള്‍ വര്‍ഷങ്ങളായിഇടത് മനസുള്ളവരുടെ കൈകളിലാണ്.
ഇടതു ഭരണ തുടക്കത്തില്‍ വലത് അനുകൂലികളെയും മുന്‍ അസോസിയേഷന്‍ നേതാക്കളില്‍ പലരേയും ഒതുക്കിയും ട്രാന്‍സ്ഫര്‍ ചെയ്തും ഒഴിവാക്കിയിരുന്നു. ഇവരൊക്കെ ജില്ലയിലേക്ക് കൂടുതല്‍ കരുത്തരായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.ഇഷ്ടപ്പെട്ട സ്ഥാനങ്ങള്‍ നേടുന്നതിനായി ചിലര്‍ ഭരണകക്ഷിയോട് അടുപ്പം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഇവര്‍ നേതാക്കളെ മണിയടിച്ച് തുടങ്ങി. കടുത്ത വലത് അനുഭാവികള്‍ ആളെക്കൂട്ടാനും തുടങ്ങി. അതേസമയം, പത്തു വര്‍ഷത്തിനിടെ കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ്, കെ.എസ്.യു. നേതാക്കളെയും പ്രവര്‍ത്തകരെയും അക്രമിച്ചവരെയും നോട്ടമിട്ടും ചിലര്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ ജില്ലയില്‍ നിന്നു പറപ്പിക്കണമെന്നാണ് ആവശ്യം. എന്നാല്‍, പ്രതിരോധിക്കാന്‍ ഇതേ പോലീസുകാര്‍ ഭരണകക്ഷി നേതാക്കളെ ചാക്കിട്ടു തുടങ്ങിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *