മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിൽ ഹൈക്കമാൻഡിനെ തെരുവിൽ നേരിടുമെന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ; കോൺഗ്രസിൽ വിവാദം കത്തുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസ് ആഭ്യന്തര ചർച്ചകൾ ശക്തമാകുന്നതിനിടെ, ഒരു പ്രമുഖ നേതാവിനെ പിന്തുണക്കുന്ന സോഷ്യൽ മീഡിയ പേജുകളിൽ ഉയരുന്ന ഭീഷണിസ്വരം പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തുറക്കുന്നു. “അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ ഹൈക്കമാൻഡിനെ തെരുവിൽ നേരിടും” എന്നതടക്കമുള്ള വെല്ലുവിളികളും, പിന്തുണ പ്രഖ്യാപിക്കാത്ത എംഎൽഎമാരെ അടുത്ത തിരഞ്ഞെടുപ്പിൽ തോൽപ്പിക്കുമെന്ന തരത്തിലുള്ള മുന്നറിയിപ്പുകളും വ്യാപകമായി പ്രചരിക്കുകയാണ്.
“പട നയിച്ചവൻ നയിക്കട്ടെ” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് നിരവധി പോസ്റ്റുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു. പ്രത്യേകിച്ച് Rahul Gandhiയുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ ഈ നേതാവിനെ അനുകൂലിക്കുന്ന കമന്റുകൾ വൻതോതിൽ പ്രത്യക്ഷപ്പെടുന്നതും ശ്രദ്ധേയമാണ്. ഇവയിൽ ഗണ്യമായൊരു വിഭാഗം പ്രൊഫൈലുകൾ വ്യാജമാണെന്ന സംശയവും രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്.
യുഡിഎഫിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച നിരവധി മുതിർന്ന നേതാക്കളുടെ സംഭാവനകളെ അവഗണിച്ച് വിജയത്തെ ഒരൊറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കാൻ ശ്രമിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തിയുണ്ടെന്നാണ് സൂചന. സംഘടനയുടെ കൂട്ടായ രാഷ്ട്രീയ പാരമ്പര്യത്തെ മാറ്റിനിർത്തി വ്യക്തികേന്ദ്രികൃത പ്രചാരണം ശക്തമാകുന്നത് ഭാവിയിൽ കോൺഗ്രസിനും യുഡിഎഫിനും വെല്ലുവിളിയാകാമെന്നാണ് വിലയിരുത്തൽ.
സോഷ്യൽ മീഡിയയുടെ സാധ്യതകൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് സാധാരണമാണെങ്കിലും, അതിനെ ഭീഷണിയുടെയും സമ്മർദ്ദ രാഷ്ട്രീയത്തിന്റെയും ഉപാധിയാക്കുന്നത് കോൺഗ്രസിന്റെ സംഘടനാ സംസ്കാരത്തോടു പോലും വിരുദ്ധമാണെന്ന വിമർശനവും ഉയരുന്നു. പി.ആർ പ്രവർത്തനങ്ങൾ അതിരുവിട്ട രീതിയിൽ മുന്നോട്ട് പോകുന്നത് പാർട്ടിയുടെ പാരമ്പര്യത്തെയും ആഭ്യന്തര ഐക്യത്തെയും ചോദ്യം ചെയ്യുന്നതാണെന്നാണ് വിലയിരുത്തൽ.
ഇതിനോടകം തന്നെ പ്രതിഷേധ സ്വരം ഉയർത്തുന്ന ഈ അനുകൂല പേജുകളുടെ ഭാഷ കൂടുതൽ കടുപ്പത്തിലേക്ക് പോകുന്നത്, ആ നേതാവ് മുഖ്യമന്ത്രി ആകില്ലെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യവും ഉയർത്തുന്നു. ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം പുറത്തുവരും മുൻപേ തന്നെ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ശക്തമാകുന്നത് കോൺഗ്രസ് നേതൃത്വത്തിനും ആശങ്കയാകുകയാണ്.



