തമിഴ്നാട്ടിൽ ട്വിസ്റ്റ് പിന്നാലെ ട്വിസ്റ്റ്; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി എഐഡിഎംകെ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ശക്തമാകുന്നതിനിടെ സംസ്ഥാന രാഷ്ട്രീയത്തിൽ റിസോർട്ട് രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നു. കേവല ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നീക്കങ്ങളുമായി വിവിധ പാർട്ടികൾ തിരക്കുപിടിച്ച നീക്കങ്ങളിലാണ്.
വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവർണർ രാജേന്ദ്ര ആർലേക്കറെ സമീപിച്ചെങ്കിലും, ഭൂരിപക്ഷം തെളിയിച്ച ശേഷമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകാനാകൂവെന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, എംഎൽഎമാരെ മറ്റ് പാർട്ടികൾ സ്വാധീനിക്കുന്നതു തടയാനെന്ന ലക്ഷ്യത്തോടെ എഐഎഡിഎംകെ നേതൃത്യം പതിനഞ്ചിലധികം എംഎൽഎമാരെ പുതുച്ചേരിയിലെ പ്രമുഖ റിസോർട്ടിലേക്ക് മാറ്റി. എടപ്പാടി കെ. പളനിസ്വാമിയുടെ വിശ്വസ്തനും രാജ്യസഭാംഗവുമായ സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലായിരുന്നു നീക്കം.
പുതുച്ചേരിയിലെ ‘ദി ഷോർ ത്രിശ്വം’ റിസോർട്ടിലാണ് എംഎൽഎമാർക്കായി ഇരുപതിലധികം മുറികൾ ബുക്ക് ചെയ്തിരിക്കുന്നത്. നിലവിൽ വ്യാഴാഴ്ച വരെയാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളതെങ്കിലും രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ബുക്കിംഗ് ദീർഘിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.
എസ്. ശേഖർ, എസ്.എം. സുകുമാർ, ജയസുധ, ബാലകൃഷ്ണ റെഡ്ഡി, വിജയഭാസ്‌കർ, വെങ്കടാചലം എന്നിവരുള്‍പ്പെടെയുള്ള നിരവധി എംഎൽഎമാർ ഇതിനോടകം റിസോർട്ടിലെത്തിയതായും മറ്റ് ചിലർ യാത്രയിലാണെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.
അതേസമയം, വിജയ്‌യുടെ ടി.വി.കെ സർക്കാരിനെ പിന്തുണയ്ക്കണമെന്ന് എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാർ ആവശ്യപ്പെട്ടതോടെ പാർട്ടിക്കുള്ളിൽ ഭിന്നത രൂപപ്പെട്ടുവെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇതിന് പിന്നാലെയാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.
ടി.വി.കെ അധികാരത്തിലെത്തുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലെ നീക്കങ്ങൾ അടുത്ത ദിവസങ്ങളിലും നിർണായകമാകുമെന്നാണു വിലയിരുത്തൽ.



