ട്രാഫിക് ജാമിൽ ബൈക്ക് തന്നെ ഓഫീസ്; ലാപ്ടോപ്പിൽ ജോലി ചെയ്ത് യുവാവ്, ചിത്രം വൈറൽ

മുംബൈ: നഗരത്തിലെ കനത്ത ട്രാഫിക് ജാമിൽ ബൈക്കിന് പിന്നിലിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന ഒരാളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ആധുനിക കാലത്തെ തൊഴിൽ സമ്മർദ്ദത്തെയും ‘ഹസിൽ കൾച്ചറി’നെയും കുറിച്ചുള്ള വലിയ സംവാദങ്ങൾക്കാണ് ഈയൊരു ചിത്രം തിരികൊളുത്തിയിരിക്കുന്നത്.

‘sarcasm_hie_sarcasm’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഫോർമൽ ഷർട്ടും പാന്റ്സുമണിഞ്ഞ്, ലാപ്ടോപ്പ് ബാഗുമായി ബൈക്കിന് പിന്നിലിരിക്കുന്നയാൾ ഗൗരവമായി ലാപ്ടോപ്പിൽ എന്തോ ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്. ‘ഡെഡ്‌ലൈൻ അടുത്തിരിക്കുകയും നിങ്ങൾ ബാംഗ്ലൂർ ട്രാഫിക്കിൽ കുടുങ്ങുകയും ചെയ്യുമ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഇതോടെയാണ് ചിത്രം വൈറലായതും വർക്ക്-ലൈഫ് ബാലൻസിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായതും.

ചിത്രം പുറത്തുവന്നതോടെ ആളുകൾ രണ്ടുതട്ടിലായി പ്രതികരണങ്ങൾ അറിയിച്ചു തുടങ്ങി. ഇതൊരു തമാശയായി കാണാനാവില്ലെന്നും ആധുനിക തൊഴിലിടങ്ങളിലെ സമ്മർദ്ദത്തിന്റെ ഭീകരമായ മുഖമാണിതെന്നും ഒരു വിഭാഗം വാദിക്കുന്നു. ‘ഇത് ഹസിൽ കൾച്ചർ അല്ല, വിഷലിപ്തമായ തൊഴിൽ സംസ്കാരമാണ്, മനുഷ്യർ യന്ത്രങ്ങളായി മാറിക്കഴിഞ്ഞു എന്നിങ്ങനെയുള്ള പ്രതികരണങ്ങൾ ഇതോടൊപ്പം നിറഞ്ഞു. ഇത് അഭിമാനിക്കേണ്ട സാഹചര്യമല്ല, മറിച്ച് സങ്കടകരമായ യാഥാർത്ഥ്യമാണെന്നും പലരും കുറിച്ചു. 

ബാംഗ്ലൂർ പോലുള്ള നഗരങ്ങളിലെ ജീവിതത്തിന്റെ നേർക്കാഴ്ചയാണിതെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, ഈ കാഴ്ചയിൽ തമാശ കണ്ടെത്തിയവരും കുറവല്ല. ‘ബോസ് വൈകുന്നേരത്തിനകം റിപ്പോർട്ട് വേണമെന്ന് പറയുമ്പോൾ’ എന്ന തരത്തിലുള്ള രസകരമായ കമന്റുകളും ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെട്ടു. യുവാവിന്റെ ജോലിയോടുള്ള ആത്മാർത്ഥതയെ പ്രശംസിച്ചും ചിലർ രംഗത്തെത്തി. എന്തായാലും, ഒരു ട്രാഫിക് ജാമിൽ നിന്നുള്ള ഈയൊരു ദൃശ്യം, ജോലി-ജീവിതം അതിർവരമ്പുകൾ മാഞ്ഞുപോകുന്നതിനെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങളാണ് ഇപ്പോൾ ഉയർത്തുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button