നടിയുടെ വെളിപ്പെടുത്തൽ; തെളിവില്ലെന്ന് പൊലീസ്, ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ കേസ് അവസാനിപ്പിച്ചേക്കും

തിരുവനന്തപുരം: നടിയുടെ വെളിപ്പെടുത്തലില്‍ നടന്‍ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ തയ്യാറെടുത്ത് അന്വേഷണ സംഘം. തെളിവുകളുടെ അഭാവത്തിലാണ് നീക്കം. ആലുവയിലെ നടിയുടെ പരാതിയിലായിരുന്നു കേസെടുത്തത്.

സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്ന് പൊലീസ് പറയുന്നു. ഇരുവരെയും കുറ്റവിമുക്തരാക്കുന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴികള്‍ അല്ലാതെ പരാതിക്കാര്‍ മറ്റ് മൊഴികള്‍ നല്‍കിയിട്ടില്ല.


2008 ല്‍ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സെക്രട്ടേറിയറ്റിലെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ ഉണ്ടായിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ ഷൂട്ടിംഗ് നടന്നെങ്കിലും ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖ.

നിലവില്‍ ശുചിമുറി ഇടിച്ചുപൊളിച്ച് ഓഫീസാക്കി മാറ്റിയതിനാല്‍ പരാതിക്കാരിക്ക് സ്ഥലം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയും ജയസൂര്യയും പരാതിക്കാരിയും സിനിമയില്‍ ഒന്നിച്ചഭിനയിച്ചുവെന്നതുമാത്രമാണ് അനുകൂലമായ തെളിവുകള്‍. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വഞ്ചിയൂരിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചുവെന്നാണ് ബാലചന്ദ്രമേനോനെതിരായ പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *