വിലയിടിവിന് പിന്നാലെ സ്വർണവിലയിൽ വൻ കുതിപ്പ്; ഒറ്റദിവസം പവന് കൂടിയത് 1,920 രൂപ!

തിരുവനന്തപുരം: ഇടിവിനുശേഷം വീണ്ടും തിരിച്ചുകയറി സ്വർണവില. സംസ്ഥാനത്ത് ഇന്ന് സ്വർണവില പവന് 1920 രൂപ വർദ്ധിച്ച് 92,320 രൂപയിലെത്തി. ഗ്രാമിന് 240 രൂപ വർദ്ധിച്ച് 11,540 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 165 രൂപയാണ് ഇന്നത്തെ വിപണി വില.

ഇന്നലെ രണ്ട് തവണയായി പവൻ വില 3,320 രൂപ കുറഞ്ഞ് 90,400 രൂപയിലെത്തിയിരുന്നു. ഗ്രാമിന്റെ വില 415 രൂപ കുറഞ്ഞ് 11,300 രൂപയായി. രാവിലെ പവന് 2,360 രൂപയും ഉച്ചയ്ക്ക് 960 രൂപയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3,525 ഡോളറിനടുത്തെത്തി. അമേരിക്കയിൽ പലിശനിരക്ക് ഉയർത്തുമെന്ന ആശങ്കയിൽ നിക്ഷേപകർ സ്വർണം വിറ്റഴിക്കുന്നതാണ് തിരിച്ചടിയായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും കേരളത്തിൽ വിലയിടിവിന്റെ ആക്കം കൂട്ടി.

അമേരിക്കയിലെ പലിശനയവും ഡോളറിന്റെ നീക്കവുമാണ് സ്വർണവിലയുടെ ഗതി നിർണയിക്കുന്നത്. കേന്ദ്ര ബാങ്കുകൾ വാങ്ങൽ ശക്തമാക്കിയാൽ വിലയിടിവിന് തടയിടാനാകും. ഹ്രസ്വകാലയളവിൽ ചാഞ്ചാട്ടം തുടരാനാണ് സാദ്ധ്യതയെന്ന് ബിസിനസ് രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിൽ പലിശ ഉയരുമെന്ന നിക്ഷേപകരുടെ ആശങ്ക, രാജ്യാന്തര വിപണിയിൽ ഡോളറിന്റെ മൂല്യം ഉയരുന്നത്, രൂപയുടെ മുന്നേറ്റത്തിൽ ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയുന്നത്, ആഗോള ഫണ്ടുകൾ ഓഹരികളിലേക്ക് നിക്ഷേപം മാറ്റുന്നത് തുടങ്ങിയവയാണ് സ്വർണവിലയിൽ മാറ്റമുണ്ടാകാനുള്ള കാരണങ്ങളായി ഉയർത്തിക്കാട്ടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button